വീട്ടിൽ പാകം ചെയ്ത ഭക്ഷണം വേണമെന്ന് ചിദംബരം: തടവുകാർക്ക് നൽകുന്ന ഭക്ഷണമേ നൽകൂവെന്ന് കോടതി

ന്യൂഡൽഹി: വീട്ടിൽ പാകം ചെയ്ത ഭക്ഷണം വേണമെന്ന കോൺഗ്രസ് മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായ ചിദംബരത്തിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയത്. എല്ലാ തടവുകാർക്കും നൽകുന്ന അതേ ഭക്ഷണം മാത്രമേ നൽകാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. ഐ.എൻ.എക്‌സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ് ചിദംബരം.
ചിദംബരത്തിനു വേണ്ടി കപിൽ സിബൽ ആണ് കോടതിയിൽ ഹാജരായി ആവശ്യം മുന്നോട്ടുവെച്ചത്. ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 'എല്ലാവർക്കും ഒരേ ഭക്ഷണം ലഭിക്കും.' എന്ന് ജസ്റ്റിസ് സുരേഷ് കുമാർ കയ്ത് വ്യക്തമാക്കി.
ചിദംബരത്തിന് 74 വയസ്സുണ്ടെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ ഐ.എൻ.എൽ.ഡി നേതാവ് ഓം പ്രകാശ് ചൗട്ടാലയും പ്രായമായ തടവുകാരനാണെന്നും വേർതിരിവ് കാട്ടാനാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ജാമ്യം തേടിയുള്ള പി. ചിദംബരത്തിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി സി.ബി.ഐയോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദ്‍ദേശം നൽകി. സെപ്റ്റംബർ 23ന് കേസ് വീണ്ടും പരിഗണിക്കും.