റഫാൽ : പ്രധാനമന്ത്രിയുടെ ഇടപെടൽ അസാധാരണമെന്ന് വിദഗ്ധർ


ന്യൂഡൽഹി : പ്രതിരോധ ഇടപാടുകളിൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വിഷയങ്ങൾ വന്നാൽ മാത്രമേ പ്രധാനമന്ത്രി ഇടപെടുന്ന പതിവുള്ളൂ എന്ന് വിദഗ്ധർ. റഫാലിൽ അത്തരമൊരു സാഹചര്യം ഇല്ലെന്നും ഇവർ വ്യക്തമാക്കുന്നു. ഇതിനെ ന്യായീകരിക്കാൻ കേന്ദ്രത്തിനും ആവുന്നില്ല.

ദേശീയ സുരക്ഷാ കൗൺസിൽ അധ്യക്ഷനെന്ന നിലയിൽ പ്രധാനമന്ത്രി ഒരു പ്രതിരോധ കരാറിന്റെ വിശദാംശങ്ങൾ തേടിയതിൽ തെറ്റില്ലെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ പറയുന്നു. എന്നാൽ പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായുള്ള നടപടിക്രമങ്ങൾ പ്രകാരം ഇതിലും തെറ്റുണ്ട്. സാങ്കേതികവശം, വില എന്നീ രണ്ട് കാര്യങ്ങളിലാണ് ഉൽപാദക കമ്പനിയുമായി ധാരണയിലെത്തേണ്ടത്. പ്രതിരോധ മന്ത്രി അധ്യക്ഷനായ വിദഗ്ധ സമിതിക്കാണ് ഇതിന്റെ ചുമതല. സേനാ മേധാവിമാർ, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതർ, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം മേധാവി, തുടങ്ങിയവരാണ് അംഗങ്ങൾ.

2015ൽ പ്രധാനമന്ത്രി നടത്തിയ ഫ്രാൻസ് യാത്രയിൽ പൊതു വിഷയങ്ങൾ മാത്രമാവും ചർച്ചയാവുകയെന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നത്. എന്നാൽ ഫ്രഞ്ച് പ്രസിഡന്റുമായുള്ള ചർച്ചകൾക്ക് ശേഷം നരേന്ദ്ര മോദി റഫാൽ കരാർ പ്രഖ്യാപിച്ചു. ചട്ടങ്ങൾ ലംഘിച്ചുള്ള ഈ നീക്കങ്ങളോടുള്ള വിയോജിപ്പാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കത്തിലൂടെ വ്യക്തമായത്. എന്തിനായിരുന്നു പ്രധാനമന്ത്രിയുടെ ഈ ഇടപെടൽ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed