ടോമിൻ ജെ.തച്ചങ്കരിയെ കെഎസ്ആർടിസി തലപ്പത്തുനിന്നു നീക്കി.

തിരുവനന്തപുരം : ടോമിൻ ജെ.തച്ചങ്കരിയെ കെഎസ്ആർടിസി തലപ്പത്തുനിന്നു നീക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശിനാണു പകരം ചുമതല. റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി വി.വേണുവിനെ നിയമിക്കാനും തീരുമാനിച്ചു. കെഎസ്ആർടിസിയെ കടക്കെണിയിൽനിന്നു രക്ഷിക്കുമെന്നു വാഗ്ദാനം നൽകിയ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കോർപറേഷന്റെ അഞ്ചാമത്തെ മേധാവിയാണ് എം.പി.ദിനേശ്. കെഎസ്ആർടിസി തലപ്പത്ത് തച്ചങ്കരി ഒരു വർഷം തികയ്ക്കാൻ രണ്ടര മാസത്തോളം ശേഷിക്കേയാണ് പുതിയ നിയമനം. സിഎംഡി ആയിരുന്ന ഡിജിപി എ.ഹേമചന്ദ്രനിൽനിന്നാണു തച്ചങ്കരി ചുമതലയേറ്റത്.
തച്ചങ്കരിയുടെ പല നടപടികളും സർക്കാരിന്റെയും തൊഴിലാളി യൂണിയനുകളുടെയും എതിർപ്പു ക്ഷണിച്ചുവരുത്തി. തച്ചങ്കരിയെ നീക്കണമെന്നാവശ്യപ്പെട്ടു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ രണ്ടു സിപിഎം പ്രതിനിധികൾ മുഖ്യമന്ത്രിക്കു കത്തു നൽകി. ജീവനക്കാരുടേയും യൂണിയൻ പ്രവർത്തകരുടെയും എതിർപ്പുകളും തുടർച്ചയായി നേരിടേണ്ടി വന്നു. തച്ചങ്കരിയെ കെഎസ്ആർടിയിലേക്കു കൊണ്ടുവരുന്നതിനോടു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് ആദ്യം താൽപര്യമുണ്ടായിരുന്നില്ല. എഡിജിപിയെന്ന നിലയിൽ തച്ചങ്കരിയുടെ ശമ്പളവും അലവൻസുകളുമെല്ലാം പൊലീസിൽനിന്നു നൽകിയിരുന്നതിനാൽ കെഎസ്ആർടിസിക്കു സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നില്ല.
മാനേജിങ് ഡയറക്ടർ സ്ഥാനമേറ്റു കാര്യങ്ങൾ ഒരുവിധം പഠിച്ചു പരിഷ്കരണ നടപടികൾ തുടങ്ങിവയ്ക്കുമ്പോഴേക്കും മാറ്റുകയെന്ന സമീപനം തച്ചങ്കരിയെ നീക്കിയതിലൂടെ സർക്കാർ ആവർത്തിക്കുകയാണ്. നേരത്തേ ഡ്യൂട്ടി പരിഷ്കരണം, കോർപറേഷൻ വിഭജനം ഉൾപ്പെടെ കാര്യങ്ങളിൽ എ.ഹേമചന്ദ്രന്റെ നേതൃത്വത്തിൽ കൃത്യമായ പഠനം നടത്തി നടപടികൾ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ മാറ്റിയത്. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം കെഎസ്ആർടിസി സ്വന്തം കയ്യിൽനിന്നു ജീവനക്കാർക്കു ശമ്പളം നൽകാൻ തുടങ്ങിയതിനു പിന്നാലെയാണു തച്ചങ്കരിയെ നീക്കിയത്.
കാൽ നൂറ്റാണ്ടിനിടെ ആദ്യമായി കെഎസ്ആർടിസി സർക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ ജീവനക്കാർക്കു ശമ്പളം നൽകാൻ ഒരുങ്ങിയിരുന്നു. സർക്കാരിൽ നിന്ന് 20 മുതൽ 50 കോടി വരെ സഹായം വാങ്ങിയാണ് എല്ലാ മാസവും ശമ്പളം നൽകിയിരുന്നത്. നിലയ്ക്കൽ–പമ്പ സർവീസ് വഴി 45.2 കോടി രൂപ കെഎസ്ആർടിസിക്കു ലഭിച്ചു. ഇതിനു പുറമെ കോർപറേഷനിൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളിലൂടെ ചെലവു കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും ചെയ്തതും തുണയായി.