രാജ്യത്തിന്റെ ധനമന്ത്രി ആരാണെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി : രാജ്യത്തിന്റെ ധനമന്ത്രി ആരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. രണ്ട് സർക്കാർ വെബ്സൈറ്റുകളിൽ രണ്ട് പേരുകൾ നൽകിയിരിക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ്സിന്റെ സംശയമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ആരാണ് ഇന്ത്യയുടെ ധനമന്ത്രി?, പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ഒന്ന് പറയുന്നു. ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റ് മറ്റൊന്ന് പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റിന്റെ ചുമതലയുള്ളയാൾ വീഡിയോ കോൺഫറൻസിലൂടെയാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്.
രാജ്യത്തിന്റെ ധനമന്ത്രി ആരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടു വ്യക്തമാക്കണം.- മനീഷ് തിവാരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ അരുൺ ജെയ്റ്റ്ലിയാണ് ധനമന്ത്രിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പിയൂഷ് ഗോയലാണ് ധനമന്ത്രി. ജെയ്റ്റ്ലിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രദേശിപ്പിച്ചതിനെ തുടർന്ന് പിയൂഷ് ഗോയലിനാണ് പ്രധാനമന്ത്രി ധനമന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.