എ.ടി.എം മെഷീനിൽ ചുണ്ടെലി : കരണ്ടത് 12 ലക്ഷം!!!

ഗോഹട്ടി : എ.ടി.എം മെഷീനിൽ കയറിക്കൂടിയ ചുണ്ടെലികൾ നശിപ്പിച്ചത് 12 ലക്ഷം രൂപ. അസാമിലെ ടിൻസൂക്കിയ ജില്ലയിൽ ലായ്പുലിയിലെ എസ്.ബി.ഐ എ.ടി.എമ്മിലാണ് സംഭവം. സാങ്കേതിക തകരാറിനെ തുടർന്ന് മെയ് 20 മുതൽ അടച്ചിട്ടിരിക്കുകയായിരുന്ന എ.ടി.എമ്മിലാണ് ചുണ്ടെലികൾ കയറിപ്പറ്റിയത്. ഈ മാസം 11-ന് മെഷീനിന്റെ തകരാർ പരിഹരിക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധർ സ്ഥലത്തെത്തിയപ്പോഴാണ് മെഷീനിൽ കടിച്ചുമുറിച്ച് ചിതറിച്ച നിലയിൽ നോട്ടുകൾ കിടക്കുന്നത് കണ്ടത്. 29 ലക്ഷം രൂപയാണ് എ.ടി.എമ്മിൽ ഉണ്ടായിരുന്നത്. ഇതിൽ 12,38,000 രൂപ എലികൾ നശിപ്പിച്ചു. 17 ലക്ഷം രൂപ വീണ്ടെടുക്കാൻ കഴിഞ്ഞതായി ബാങ്ക് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.