സമരം നടത്താൻ ആരാണ് അധികാരം തന്നത്? കേജരിവാളിനെതിരെ കോടതി

ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നടത്തുന്ന രാജ്നിവാസ് ധർണയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ലഫ്. ഗവർണറുടെ വീട്ടിലോ ഓഫീസിലോ സമരം നടത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സമരത്തിന് ആരാണ് അനുമതി നൽകിയതെന്നും കോടതി ചോദിച്ചു. സർക്കാർ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. ഒരാഴ്ചയിലധികമായി നീളുന്ന കേജരിവാളിന്റെ സമരത്തിനെതിരായി ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്ത സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇപ്രകാരം ചോദിച്ചത്. കേസിൽ ഐ.എ.എസ് അസോസിയേഷനെകൂടി കക്ഷി ചേർത്തു. കേസിൽ ബുധനാഴ്ച വാദം തുടരും.
ലഫ്. ഗവർണറുടെ വീട്ടിൽ നടത്തുന്ന ധർണയെ സമരമെന്ന് വിളിക്കാനാകില്ല. ആരുടെയെങ്കിലും ഓഫീസിലോ വീട്ടിലോ കയറിച്ചെന്ന് സമരം ചെയ്യാൻ അധികാരമില്ലെന്നും കോടതി പറഞ്ഞു. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് കേജരിവാളും മന്ത്രിമാരും ലഫ്. ഗവർണറുടെ വസതിയിൽ സമരം ആരംഭിച്ചത്.