രാജ്യം ആർ.എസ്.എസ് നേതാക്കളുടെ അടിമയായെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : രാജ്യം ഏതാനും ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ അടിമയായി മാറിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും ഒ.ബി.സി വിഭാഗത്തെ തകർക്കാനും അവർ ശ്രമിക്കുകയാണെന്നും കോൺഗ്രസ് സംഘടിപ്പിച്ച ഒ.ബി.സി സമ്മേളനത്തിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ബി.ജെ.പി ജനങ്ങളെ ഭീഷണിപ്പെടുത്തി സ്വതന്ത്ര അഭിപ്രായപ്രകടനത്തെ ഇല്ലാതാക്കുകയാണെന്നും ബി.ജെ.പി എം.പിമാർപോലും സംസാരിക്കാൻ ഭയക്കുന്നുവെന്നും രണ്ടോ മൂന്നോ ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ അടിമയായി രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ്സിനെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ എതിർത്തുള്ള അഭിപ്രായം പ്രകടിപ്പിക്കാൻ ബി.ജെ.പി അംഗങ്ങൾക്ക് ഭയമാണ്. ആരെയും അഭിപ്രായം പ്രകടിപ്പിക്കാൻ അനുവദിക്കുന്നില്ല. മോദിക്ക് കർഷകരുടെ ദുരിതം ഇല്ലാതാക്കാൻ നയമില്ല, വ്യവസായപ്രമുഖരുടെ കാര്യത്തിൽ മാത്രമാണ് താൽപ്പര്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.