50ൽ 68 മാർക്ക് : ബിഹാറിൽ 12-ാം ക്ലാസ് പരീക്ഷാ ഫലത്തിൽ വീണ്ടും ക്രമക്കേട്

പാറ്റ്ന : ബിഹാറിൽ 12-ാം ക്ലാസ് പരീക്ഷാ ഫലത്തിൽ പല വിദ്യാർത്ഥികൾക്കും പരമാവധി മാർക്കിലും കൂടുതൽ മാർക്ക് ലഭിച്ചതായി ആരോപണം. ഇംഗ്ലീഷിന് പരമാവധി മാർക്കായ 50ൽ 68 മാർക്ക് ലഭിച്ചതായി ഒരു വിദ്യാർത്ഥി പറയുന്നു. മറ്റൊരു വിദ്യാർത്ഥിക്ക് ഫിസിക്സിന് 35ൽ 38 മാർക്കാണ് ലഭിച്ചത്. എന്നാൽ വിഷമം പിടിച്ച ഐഐടി- ജെഇഇ മെയിൻ പരീക്ഷ പാസ്സായ വിദ്യാർത്ഥികളിൽ പലരും ഫിസിക്സിനും കെമിസ്ട്രിക്കും തോൽക്കുകയും ചെയ്തിരിക്കുന്നു. ഉത്തരക്കടലാസിന്റെ മൂല്യനിർണ്ണയത്തിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് നൂറ് കണക്കിന് വിദ്യാർത്ഥികൾ പാറ്റ്നയിലെ ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.
ബിഹാറിൽ കഴിഞ്ഞ തവണയും പരീക്ഷാഫലത്തിൽ ക്രമക്കേടുകൾ നടന്നിരുന്നു. ഒന്നാം റാങ്കുകാരിയായി പ്രഖ്യാപിച്ച റൂബി റായ് ഒരു പരീക്ഷയുടെ ഉത്തരക്കടലാസിൽ നിറയെ സിനിമാ പേരുകളാണ് എഴുതിയിരുന്നത്. ഒരു പരീക്ഷയുടെ പേപ്പറിൽ മുഴുവനും തുളസീദാസിന്റെ പേരും എഴുതി. പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ റൂബിയെ ടിവി ചാനലുകൾ അഭിമുഖം നടത്തിയപ്പോഴാണ് കള്ളിവെളിച്ചത്തായത്.