ഇൻഡിഗോ വിമാനം അഞ്ചുമണിക്കൂർ വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ ടാക്സിവേ തടഞ്ഞു

ന്യൂഡൽഹി : ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അഞ്ചുമണിക്കൂർ വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ പുറത്തിറങ്ങി നിയന്ത്രണങ്ങൾ മറികടന്ന് ടാക്സിവേതടഞ്ഞു. ഉടൻ തന്നെ സി.ഐ.എസ്.എഫ് അംഗങ്ങൾ ഇടപെട്ട് യാത്രക്കാരെ തിരിച്ചയക്കുകയായിരുന്നു. ഗുവാഹത്തിക്ക് പോകേണ്ട എയർബസ് എ320 വിമാനത്തിൽ 177 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിമാനം വൈകുന്ന വിവരം അറിയിച്ചില്ലെന്നാരോപിച്ചാണ് ക്ഷുഭിതരായ യാത്രക്കാരിൽ ചിലർ വിമാനത്തിന് പുറത്തിറങ്ങി വിമാനം റൺവേയിലേക്ക് കൊണ്ടുപോകുന്ന ടാക്സിവേയിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ ഇൻഡിഗോ ഇക്കാര്യം നിഷേധിച്ചു.