കനി­മൊ­ഴി­ കരു­ണാ­നി­ധി­യു­ടെ­ അവി­ഹി­ത സന്തതി­ : എച്ച് രാ­ജയു­ടെ­ ട്വീ­റ്റ്


ന്യൂഡൽ‍ഹി : രാജ്യസഭാ എം.പിയും ഡി.എം.കെ പ്രസിഡണ്ട് എം. കരുണാനിധിയുടെ മകളുമായ കനിമൊഴിയെ അധിക്ഷേപിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ. കരുണാനിധിയുടെ അവിഹിത സന്തതിയും അവിഹിത ബന്ധത്തിൽ കുട്ടിയെ പ്രസവിച്ചയാളുമാണ് കനിമൊഴി എന്നായിരുന്നു എച്ച് രാജ ട്വീറ്റിൽ പറഞ്ഞത്. മാധ്യമപ്രവർത്തകയുടെ കവിളിൽ തൊട്ട സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവർണർ ബൻവാരിലാലിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോഴായിരുന്നു രാജ വിവാദമായ ട്വീറ്റ് ചെയ്തത്.

ഗവർണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങൾ അവിഹിത സന്തതിയെ രാജ്യസഭാ എംപിയാക്കിയ നേതാവിനോട് മാധ്യമപ്രവർത്തകർ ചോദിക്കുമോ? ഇല്ല അവർ ചോദിക്കില്ല. ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗർ രമേഷിന്റെയും പേരന്പാലൂർ സാദിഖ് ബാദ്ഷായുടെയും ഓർമകൾ അവരെ(മാധ്യമപ്രവർത്തകരെ) ഭയപ്പെടുത്തും എന്നായിരുന്നു എച്ച് രാജ തമിഴിൽ ട്വീറ്റ് ചെയ്തത്.

എന്നാൽ രാജയുടെ ട്വീറ്റിനെതിരെ കനിമൊഴി രംഗത്തെത്തി. തരംതാഴ്ന്ന പ്രസ്താവനയാണ് എച്ച്. രാജ നടത്തിയതെന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീകൾ ഏതൊക്കെ രീതിയിൽ പരിഗണിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് എച്ച്. രാജയുടെ പ്രസ്താവനയെന്നും കനിമൊഴി പറഞ്ഞു. രാഷ്ട്രീയത്തിൽ സ്ത്രീകൾ സുരക്ഷിതരാണന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ അങ്ങിനെയല്ല. രാഷ്ട്രീയത്തിലും സ്ത്രീകൾ സുരക്ഷിതരല്ല. ഒരു പൊതുയിടത്ത് എങ്ങനെയാണ് സ്ത്രീ അപമാനിക്കപ്പെടുന്നത് എന്നതിന്റെ തെളിവാണ് രാജയുടെ ഈ പ്രസ്താവന.− കനിമൊഴി പറഞ്ഞു.

രാജയുടെ പ്രസ്താവനക്കെതിരെ ഡി.എം.കെ വക്താവ് എ. ശരവണനും രംഗത്തെത്തി. എച്ച്. രാജക്ക് മാനസിക രോഗമുണ്ടോയെന്ന് ഹൈകോടതി വരെ ചോദിച്ചുകഴിഞ്ഞതാണെന്നും ഇത്രയും തരംതാഴ്ന്ന രീതിയിലുള്ള ഒരാളെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി വെച്ചുകൊണ്ടിരിക്കുന്നത് എന്തിനുവേണ്ടിയാണെന്നും ശരവണൻ പറഞ്ഞു. രാജയുടെ അഭിപ്രായത്തെ ബി.ജെ.പിയും പിന്തുണയ്ക്കുന്നോ? അദ്ദേഹത്തിനെതിരെ ഇതുവരെ ഒരു നടപടിയും പാർ‍ട്ടി കൈക്കൊണ്ടിട്ടില്ല. ഇത് തെമ്മാടിത്തരമാണ്. അധികാരം കൈപ്പിടിയിലുണ്ടെന്ന അഹങ്കാരമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

You might also like

Most Viewed