ന്യൂ­നപക്ഷപദവി­ നൽ‍­കാൻ കമ്മി­ഷന് നേ­രി­ട്ടധി­കാ­രം : സു­പ്രീംകോ­ടതി­


ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷപദവി നൽകാൻ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന് നേരിട്ട് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ന്യൂനപക്ഷപദവി നൽകാൻ കമ്മിഷന് നേരിട്ട് അധികാരമില്ലെന്ന കൽക്കട്ട ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. ബംഗാളിലെ ക്ലൂണി വിമൻസ് കോളേജിന് ന്യൂനപക്ഷ പദവി നൽകിയതു സംബന്ധിച്ച കേസിലാണ് ജസ്റ്റിസുമാരായ എ.കെ ഗോയൽ, ആർ.എഫ് നരിമാൻ എന്നിവരുടെ വിധി. ഭരണഘടന ഉറപ്പ് നൽകുന്ന ന്യൂനപക്ഷാവകാശം പരമമാണെന്നു വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തിൽ കോൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവുകൾ ശരിയായ തലത്തിലുണ്ടായതല്ലെന്നും വ്യക്തമാക്കി.

വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ന്യൂനപക്ഷപദവി നൽകുന്നതു സംബന്ധിച്ച പ്രത്യക്ഷമോ പരോക്ഷമോ ആയ ചോദ്യങ്ങളിൽ ഇടപെടാൻ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനു അധികാരമുണ്ടെന്നും അതു 2004ലെ ബന്ധപ്പെട്ട നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി. അതു സംബന്ധിച്ച അവകാശം ഭരണഘടനയുടെ 30−ാം അനുച്ഛേദം ന്യൂനപക്ഷങ്ങൾക്ക് ഉറപ്പ് നൽകുന്നുമുണ്ട്. അതിനെ ഒരു അധികാരത്തിനും തടയാനാവില്ല. വിദ്യാഭ്യാസസ്ഥാപനങ്ങൾ ന്യൂനപക്ഷ സ്ഥാപനമായി നടത്തുന്നതിനും അതിന്‍റെ നിയന്ത്രണങ്ങളും ചുമതലകളും നിർവഹിക്കുന്നതിനും മൗലികമായി തന്നെ ഭരണഘടന അനുവദിച്ചിരിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, നിയമത്തിൽ 2006ൽ വരുത്തിയ ഭേദഗതി പ്രകാരം 2006നു ശേഷം സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് തേടിയിരിക്കേണ്ടതാണെന്നു കോടതി വ്യക്തമാക്കി. എൻഒസിക്കു വേണ്ടിയുള്ള അപേക്ഷ നൽകിയാൽ 90 ദിവസത്തിനുള്ളിൽ നടപടിയെടുത്തിരിക്കണം. ഇല്ലെങ്കിൽ പദവി നൽകിയതായി കണക്കാക്കാം. അപേക്ഷ നിരസിച്ചാൽ അപ്പീലിൽ ന്യൂനപക്ഷ പദവി നൽകണമോയെന്നു തീരുമാനിക്കാൻ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന് അധികാരമുണ്ടെന്നും പഞ്ചാബ്, ബോംബെ, കോൽക്കത്ത ഹൈക്കോടതി ഉത്തരവുകളിലെ അവ്യക്തതകൾ തീർപ്പാക്കി സുപ്രീം കോടതി വ്യക്തമാക്കി.

You might also like

Most Viewed