രാജ്യസഭാ തിരഞ്ഞെടുപ്പ് : സിംഗ്്വിയെ പിന്തുണയ്ക്കുമെന്ന് മമത

കൊൽക്കത്ത : രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തൃണമൂൽ കോൺഗ്രസിന്‍റെ പിന്തുണ. കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്്വിയെ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. സി.പി.എമ്മിന്‍റെ തപൻകുമാർ സെന്നിന്‍റെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സിംഗ്്വിയും കപിൽ സിബലും തങ്ങൾക്കു വേണ്ടി നിരവധി കേസുകൾ വാദിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ബംഗാളിൽനിന്ന് ഒഴിവുവരുന്ന അഞ്ചാമത് സീറ്റിലേക്ക് സിംഗ്്വിയെ പിന്തുണയ്ക്കുന്നതെന്നും മമത പറഞ്ഞു. പാർട്ടിയുടെ ഉന്നതാധികാരസമിതി യോഗത്തിനുശേഷമാണ് മമതയുടെ പ്രഖ്യാപനമുണ്ടായത്.
ന്യൂഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അഭിഷേക് സിംഗ്്വിയുടെ ജയം ഇതോടെ ഉറപ്പായി. ഇടതുമുന്നണിയുമായി ഉഭയകക്ഷിചർച്ച നടന്നുവരുന്നതിനിടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ബംഗാളിൽ ബി.ജെ.പിയുടെ ഭീഷണി ശക്തമാകുന്നത് കണക്കിലെടുത്താണ് തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയുടെ നീക്കമെന്നാണു സൂചന.