രജനീകാന്ത് ഹിമാലയത്തിലേക്ക്

ചെന്നൈ : ആത്മീയ രാഷ്ട്രീയത്തിലൂന്നി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച നടൻ രജനീകാന്ത് വീണ്ടും ഹിമാലയത്തിലേക്ക് യാത്ര തിരിക്കുന്നു. പ്രത്യേക പ്രാർഥനകൾ നടത്താനും ബാബാജി ആശ്രമം സന്ദർശിക്കാനുമാണ് അദ്ദേഹത്തിന്റെ യാത്രയെന്ന് രജനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച ചെന്നൈയിൽ നിന്ന് വിമാനമാർഗം സിംലയിലെത്തുന്ന രജനി പിന്നീട് ഋഷികേശ് സന്ദർശിക്കും. ആത്മീയഗുരു ബാബാജിയുടെ സ്മരണയ്ക്കായി നിർമിക്കുന്ന ആശ്രമത്തിന്റെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തും.
ഒരാഴ്ചയ്ക്കുള്ളിൽ ചെന്നൈയിൽ മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഹിമാലയസന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയശേഷം അദ്ദേഹം സുപ്രധാന രാഷ്ട്രീയപ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഡിസംബർ 31−ന് ചെന്നൈയിൽ ആരാധകരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഷ്ട്രീയപ്രവേശനം രജനി പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 234 മണ്ധലങ്ങളിലും പാർട്ടി മത്സരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുന്നോടിയായി സംസ്ഥാനത്തുടനീളം രജനി മക്കൾ മണ്‍ട്രത്തിന്റെ ജില്ലാ ഭാരവാഹികളെ നിയമിച്ചിട്ടുണ്ട്.