കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനാവില്ല : കേന്ദ്ര സർക്കാർ

തിരുവനന്തപുരം : മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ. ഉദ്യാനത്തിന്റെ വിസ്തൃതിയിൽ മാറ്റം വരുത്താൻ കേന്ദ്ര വനം−വന്യജീവി ബോർഡിന്റെ അനുമതി വേണമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയിൽ മാറ്റം വരുത്തണമെന്ന് കേരളം നിർദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. ഉദ്യാനത്തിന്റെ വിസ്തൃതിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് ആകില്ല. ഇതിന് വനം−വന്യജീവി ബോർഡിന്റെ അനുമതി ആവശ്യമാണ്.
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മന്ത്രിതല സമിതിയെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നു. മന്ത്രിമാരായ എം.എം മണി, കെ. രാജു, ഇ. ചന്ദ്രശേഖരൻ എന്നിവരുൾപ്പെട്ട സംഘം ഡിസംബർ 11, 12 തീയ്യതികളിൽ കുറിഞ്ഞി ഉദ്യാനത്തിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഇതിൽ വനംമന്ത്രി കെ. രാജു പ്രത്യേക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു. ചെറുകിട കയ്യേറ്റക്കാരെ ഒഴിപ്പിക്കരുതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയിൽ കുറവ് വരുമെന്ന് നേരത്തെ റവന്യു വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വകുപ്പ് മന്ത്രി ഇത് തള്ളി രംഗത്തെത്തി. പരിശോധനയ്ക്ക് ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നാണ് മന്ത്രി പ്രതികരിച്ചത്.