ആധാർ വിവരങ്ങൾ ശേഖരിക്കാൻ പദ്ധതിയില്ലെന്ന് ഫെയ്സ്ബുക്

ന്യൂഡൽഹി : ഇന്ത്യൻ ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾ ശേഖരിക്കാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമമായ ഫെയ്സ്ബുക്. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ആധാറിന്റെ സാധ്യതകൾ ഫെയ്സ്ബുക് ഉപയോഗിക്കുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇത് വിവാദമാകുന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കന്പനി രംഗത്തെത്തിയത്.
മൊബൈലിലൂടെ പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരോടാണ് ഫെയ്സ്ബുക് ആധാർ ആവശ്യപ്പെട്ടത്. ആധാറിലെ പേരാണ് നൽകേണ്ടതെന്നായിരുന്നു നിർദേശം. വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കാനാണ് നീക്കമെന്നും കന്പനി പറഞ്ഞു. ഇത് വിവാദമായപ്പോഴാണ് ബ്ലോഗിലൂടെ വിശദീകരണം നൽകാൻ കന്പനി തയാറായത്. ഇന്ത്യയിലെ പുതിയ ഉപയോക്താക്കളിൽ ചിലരിൽ ഒരു പരീക്ഷണം നടത്തിയിരുന്നു. എന്നാൽ, ഫെയ്സ്ബുക് എല്ലാവരുടെയും ആധാർ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന മട്ടിൽ ചിലർ വ്യാഖ്യാനിച്ചു. അത് തെറ്റാണ്. ആധാർ പരീക്ഷണം അവസാനിച്ചു. ആധാറിലെ പേര് ഉപയോഗിച്ചാൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പരസ്പരം എളുപ്പത്തിൽ കണ്ടെത്താമെന്നാണ് കരുതുന്നത്. ആധാറിലെ മറ്റ് വിവരങ്ങൾ കന്പനി ശേഖരിച്ചിരുന്നില്ല. ഇനി എന്തായാലും ഉപയോക്താക്കൾ ആധാറിലെ പേർ നൽകേണ്ടതില്ല, പ്രൊഡക്ട് മാനേജർ ടൈച്ചി ഹോഷിനൊ ബ്ലോഗിൽ വ്യക്തമാക്കി. യുഎസ് കഴിഞ്ഞാൽ ഫെയ്സ്ബുക്കിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാജ്യമാണ് ഇന്ത്യ.