പാ­ക്കി­സ്ഥാനിൽ തങ്ങളും അപമാ­നി­ക്കപ്പെ­ട്ടി­രു­­ന്നു­ : സരബ്ജിത് സി­ങ്ങി­ന്റെ­ കു­ടുംബം


ചൺഡീഗഡ് : പാക്കിസ്ഥാൻ സന്ദർശിച്ചപ്പോൾ തങ്ങളും ഉദ്യോഗസ്ഥരാൽ അപമാനിക്കപ്പെട്ടിരുന്നെന്നുപാക്ക് ജയിലിൽ മരണപ്പെട്ട സരബ്ജിത് സിങ്ങിന്റെ കുടുംബം. സരബ്ജിത്തിന്റെ ഭാര്യയുടെ നെറ്റിയിലെ സിന്ദൂരം പോലും പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചു മായ്ച്ചു കളഞ്ഞു. പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന്റെ കുടുംബം അപമാനിക്കപ്പെട്ടതിനു പിന്നാലെയാണു കാര്യങ്ങൾ തുറന്നു പറഞ്ഞ് സരബ്ജിത്തിന്റെ കുടുംബവുംരംഗത്തെത്തിയത്. പാക്കിസ്ഥാനിലെത്തുന്നതിന് മുന്പ് എന്താണ് അവിടെ നടക്കുകയെന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. കുൽഭൂഷൺ ജാദവിന്റെ കുടുംബത്തിന് നേരിട്ടതിന് സമാനമായ സംഭവങ്ങളാണ് തങ്ങൾക്കു നേരെയും ഉണ്ടായതെന്നും സരബ്ജിത് സിങ്ങിന്റെ സഹോദരി ദൽബീർ കൗർ പറഞ്ഞു. 18 വർഷങ്ങൾക്കു ശേഷമായിരുന്നു ഭാര്യ സുക്പ്രീത് കൗറും രണ്ടു പെൺമക്കളും സഹോദരി ദൽബീർ കൗറും ചേർന്ന് പാക്കിസ്ഥാനിലെത്തി സരബ്ജിത്തിനെ കണ്ടത്. 

സരബ്ജിത്തിനെ കാണാനെത്തിയപ്പോൾ വളരെ മോശമായിരുന്നു പാക്ക് ഉദ്യോഗസ്ഥരുടെ പെരുമാറ്റം. ഒരു വനിതാ ഉദ്യോഗസ്ഥ തൂവാല ഉപയോഗിച്ച് സുക്പ്രീതിന്റെ നെറ്റിയിലെ സിന്ദൂരം മായ്ച്ചു കളഞ്ഞു. തലയിലെ ഹെയർപിന്നുകളെല്ലാം ഊരിവാങ്ങിച്ചു. സരബ്ജിത് സിങ്ങിന്റെ പെൺമക്കൾക്കും മോശം അനുഭവമാണുണ്ടായത്. കയ്യിലുണ്ടായിരുന്ന ആഭരണങ്ങൾ പോലും ഊരിവാങ്ങിച്ചെന്നും അവർ വ്യക്തമാക്കി.സരബ്ജിത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം വീട്ടിൽ നിന്ന് ഉണ്ടാക്കികൊണ്ടുപോയപ്പോൾ പാത്രം തുറന്നു അത് കഴിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ അതുകൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല. പാക്കിസ്ഥാനിൽ വെച്ച് ലാഹോർ ഗുരുദ്വാരയിൽ പാസ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പാക്ക് ഉദ്യോഗസ്ഥരോടും പറഞ്ഞു. എന്നാൽ പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞു മടക്കയാത്ര പാക്കിസ്ഥാൻ വൈകിപ്പിക്കുകയാണ് ചെയ്തത്. 2011ലും കുടുംബം പാക്കിസ്ഥാനിലെത്തി സരബ്ജിത്തിനെ കണ്ടിരുന്നു. ആ സമയത്തും ഉദ്യോഗസ്ഥരുടെ പെരുമാറ്റം സമാനമായിരുന്നെന്നും ദൽ‍ബീർ കൗർ പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed