അരുൺ ജെയ്റ്റ്ലിയെ പരിഹസിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ്

ന്യൂഡൽഹി : അരുൺ ജെയ്റ്റ്ലിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ രാജ്യസഭയിൽ ബിജെപി അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. രാഹുലിനെതിരേ ബിജെപി അംഗം ഭൂപേന്ദർ യാദവ് നൽകിയ അവകാശ ലംഘന പ്രമേയ നോട്ടീസ് പരിശോധിച്ചു വരികയാണെന്ന് രാജ്യസഭാധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു.
സഭാനേതാവുകൂടിയായ ധനമന്ത്രി ജെയ്റ്റിയുടെ പേര് വളച്ചൊടിച്ചുവെന്നാരോപിച്ചാണ് ഭൂപേന്ദർ യാദവ് നോട്ടീസ് നൽകിയത്. 187− ചട്ട പ്രകാരം രാഹുൽഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയതായി അദ്ദേഹം ശൂന്യവേളയിൽ അറിയിച്ചു. ജെയ്റ്റ്ലി എന്ന പേര് ഇംഗ്ലീഷിൽ കള്ളം പറയുന്നവൻ എന്നർഥം വരുന്ന വിധം ജെയ്റ്റ്ലൈ എന്നാക്കി ട്വിറ്ററിൽ കഴിഞ്ഞ ദിവസമാണ് രാഹുൽഗാന്ധി പോസ്റ്റ് ചെയ്തത്.പ്രിയപ്പെട്ട മിസ്റ്റർ ജെയ്റ്റ്ലൈ നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയെ ഓർമ്മിപ്പിച്ചതിന് നന്ദി, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മൻമോഹൻ സിങ്ങിനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ പ്രധാനമന്ത്രി വിവാദപരാമർശം നടത്തിയതിനെ ന്യായീകരിച്ച് ജെയ്റ്റ്ലി രംഗത്തെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയോ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെയോ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാനോ ചെയ്യാൻ ശ്രമിക്കാനോ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചിട്ടില്ല എന്നാണ് ജെയ്റ്റ്ലി രാജ്യ സഭയിൽ പറഞ്ഞത്. ഇതിനെ പരിഹസിച്ചാണ് മണിക്കൂറുകൾക്കുള്ളിൽ രാഹുൽ ട്വീറ്റ് ചെയ്തത്. ബിജെപി കള്ളം പറയുന്നു എന്ന ഹാഷ് ടാഗും ട്വീറ്റിലുണ്ട്.