ഹസ്തദാനം ചെയ്ത് നരേന്ദ്ര മോഡിയും മൻമോഹൻ സിംഗും

ന്യൂഡൽഹി : ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വാക് പോരാട്ടങ്ങൾക്കിടയിലും നേരിട്ട് കണ്ടപ്പോൾ കൈകൂപ്പി അഭിവാദ്യം ചെയ്ത് മോഡിയും മൻമോഹൻ സിംഗും. പാർലമെന്റ് ആക്രമണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരും അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. പ്രധാനമന്ത്രിയാണ് ആദ്യം മൻമോഹന് നേർക്ക് കൈകൂപ്പിയത്. തുടർന്ന് മൻമോഹൻ സിംഗും തിരിച്ച് അഭിവാദ്യം ചെയ്തു. ഹസ്തദാനം ചെയ്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മണിശങ്കർ അയ്യറുടെ വീട്ടിൽ നടന്ന അത്താഴ വിരുന്നിനിടെ കോൺഗ്രസ് പാകിസ്ഥാനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും അതിൽ മൻമോഹൻസിംഗും മറ്റ് കോൺഗ്രസ് നേതാക്കളും പങ്കെടുത്തെന്നും മോഡി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇരുവരും നേരിട്ടു കാണുന്നത്. നോട്ട് നിരോധനത്തിന്റെ വാർഷികവേളയിലും തുടർന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും രൂക്ഷമായ ഭാഷയിലായിരുന്നു മൻമോഹൻ സിംഗ് വിമർശനങ്ങൾ ഉന്നയിച്ചത്.