ദാവൂദിന്റെ ഡി കന്പനിയിൽ നിന്ന് ഛോട്ടാ ഷക്കീൽ വേർപിരിഞ്ഞു

മുംബൈ : അധോലോക നായകൻ ദാവൂദിന്റെ ഡി കന്പനയിൽനിന്ന് ചോട്ടാ ഷക്കീൽ പിന്മാറിയതായി റിപ്പോർട്ട്. കന്പനിയുടെ പ്രവർത്തനങ്ങളിൽ ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം ഇടപെടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് കന്പനി വിട്ട് പോവാൻ ഛോട്ടാ ഷക്കീലിനെ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പുതിയ സാഹചര്യത്തിൽ കറാച്ചിയിൽ നിന്നും ഛോട്ടാ ഷക്കീൽ തന്റെ പ്രവർത്തന സ്ഥാനം മാറ്റിയതായതാണ് ഇന്റലിജൻസ് അധികൃതർക്ക് ലഭിച്ച വിവരം. എന്നാൽ ഇപ്പോൾ എവിടെയാണുള്ളതെന്നതിനെ കുറിച്ച് വ്യക്തമല്ല. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ദാവൂദിന്റെ വലം കയ്യായും കന്പനിയുടെ പ്രധാന റോളിലും പ്രവർത്തിച്ചിരുന്നത് ഛോട്ടാ ഷക്കീൽ ആണ്.
ദാവൂദിന്റെ സംഘത്തിലുണ്ടായ പടലപ്പിണക്കം പാക് ചാര സംഘടനയായ ഐ.എസ്.ഐക്കും തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായുള്ള നീക്കങ്ങൾക്ക് തങ്ങൾക്ക് അകമഴിഞ്ഞ പിന്തുണയാണ് ദാവൂദിന്റെ കന്പനി ഇതുവരെ നൽകിവന്നിരുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ പടലപ്പിണക്കം എങ്ങനെയെങ്കിലും പരിഹരിക്കാൻ ഐ.എസ്.ഐശ്രമം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.
ഇളയ സഹോദരനൊപ്പം പാകിസ്ഥാനിലാണ് ഇപ്പോൾ അനീസ് ഇബ്രാഹിം താമസിക്കുന്നത്. നിലവിൽ ദാവൂദിന്റെ ഡി കന്പനിയുമായി ബന്ധപ്പെട്ട് മുംബൈയിൽ വളരെ കുറച്ച് പേർ മാത്രമാണ് പ്രവർത്തിക്കുന്നത്.