ചുംബന മത്സരം സംഘടിപ്പിച്ച എംഎൽഎ വിവാദത്തിൽ

റാഞ്ചി : ആദിവാസി ദന്പതികൾക്കിടയിൽ ചുംബന മത്സരം സംഘടിപ്പിച്ച ജാർഖണ്ധ് മുക്തി മോർച്ച എം.എൽ.എ സൈമൺ മാരണ്ടി വിവാദത്തിൽ. പാക്കൂരിലെ ദുമാരിയ ഗ്രാമത്തിൽ ഡിസംബർ 10നാണ് മത്സരം സംഘടിപ്പിച്ചത്. ദന്പതിമാർക്കിടയിലെ സ്നേഹവും അനുരാഗവും ഊട്ടിവളർത്താനും ആദിവാസികൾക്കിടയിൽ പെരുകുന്ന വിവാഹമോചനങ്ങളെ ചെറുക്കാനുമാണ് ഇത്തരമൊരു പുതമയുള്ള മത്സരം സംഘടിപ്പിച്ചതെന്ന് എം.എൽ.എ പറഞ്ഞു. ആദിവാസികളുടെ വാർഷികോത്സവ ചടങ്ങിലാണ് ചുംബന മത്സരം സംഘടിപ്പിച്ചത്.
ജാർഖണ്ധ് മുക്തി മോർച്ച പാർട്ടി എം.എൽ.എ.മാരായ സൈമൺ മാരണ്ടിയും സ്റ്റീഫൻ മാരണ്ടിയും സാന്താൾ പരഗാന വിഭാഗത്തിന്റെ സംസ്കാരത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി ജാർഖണ്ധ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഹേംലാൽ മുർമു ഇരു എംഎൽഎമാരുടെയും സസ്പെൻഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ സ്റ്റീഫൻ മാരണ്ടി മത്സരത്തിന് ശേഷമാണ് മേളയിെലത്തിയതെന്നാണ് എംഎൽ എ സൈമണിന്റെ പക്ഷം. ജാർഖണ്ധ് ഗ്രാമീണ വികസന വകുപ്പ് മന്ത്രി സംഭവത്തിൽ പ്രതിഷേധം അറയിച്ചു.