കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി : രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മുകാശ്മീർ അതിർത്തി മേഖലയിൽ സൈന്യം നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തി.ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ തീവ്രവാദികൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സുരക്ഷാസേന നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുകയാണുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ രാജേഷ് കാലിയ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലർച്ചെയോടെയാണ് ഉറിക്ക് സമീപം ഭീകരരെ സൈന്യം നേരിട്ടത്. വൻ അപകടമാണ് സേനയുടെ ജാഗ്രതയിലൂടെ ഒഴിവാക്കാനായതെന്ന് സ്ഥലം ഡി.ജി.പി ട്വിറ്ററിലൂടെ അറിയിച്ചു.
ജമ്മുകാശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. സ്ഥലത്ത് കനത്ത ജാഗ്രത തുടരുകയാണ്.