തോമസ് ചാണ്ടിയുടെ വെല്ലുവിളി മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം : കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അതൃപ്തി. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് തോമസ് ചാണ്ടിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ജനജാഗ്രതാ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിനിടെ കാനം രാജേന്ദ്രനെ വേദിയിലിരുത്തി കൈയേറ്റം തെളിയിക്കാൻ തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു. അതേസമയം നിയമം ആരു ലംഘിച്ചാലും സംരക്ഷിക്കരുതെന്നാണ് നിലപാടെന്ന് സി.പി.ഐ വ്യക്തമാക്കി.
‘ഇനിയും നികത്തുമെന്ന’ തോമസ് ചാണ്ടിയുടെ പ്രസ്താവനയെക്കുറിച്ച് തിങ്കളാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റും ചർച്ച ചെയ്യും. കലക്ടറുടെ റിപ്പോർട്ടിൽമേലുള്ള നിയമോപദേശം കിട്ടിയാൽ യുക്തമായ തീരുമാനമെടുക്കുമെന്ന് സി.പി.എം വ്യക്തമാക്കി.
മാർത്താണ്ധം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്ന മന്ത്രി തോമസ് ചാണ്ടിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. വെല്ലുവിളിക്കാൻ ആർക്കും ലൈസൻസ് വേണ്ടെന്നു പറഞ്ഞ കാനം, നിയമം എല്ലാവർക്കും ബാധകമാണെന്നും വ്യക്തമാക്കി. ഒരുനിയമവും ഒറ്റരാത്രികൊണ്ടു നടപ്പാവില്ല. ആരോപണങ്ങൾ പരിശോധിച്ചു സർക്കാർ ഉചിതമായ തീരുമാനമെടുക്കും. നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്നും കാനം പറഞ്ഞു. സർക്കാർ ഒരാളോട് വിശദീകരണം ആവശ്യപ്പെട്ടാൽ ചാനലിലൂടെയല്ല മറുപടി പറയേണ്ടതെന്ന് എജിയുടെ പ്രതികരണം സൂചിപ്പിച്ച് കാനം ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ ജാഥ നടത്തുന്നതെന്നും കാനം പറഞ്ഞു.