മെർസൽ സിനിമ മാത്രം : വിലക്കാനാകില്ലെന്ന് കോടതി

ചെന്നൈ : വിജയ് ചിത്രം മെർസലിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യത്തിൽ നിലപാടറിയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെയാണെന്ന് നിരീക്ഷിച്ച കോടതി മെർസൽ ഒരു സിനിമ മാത്രമാണെന്നും യാഥാർത്ഥ ജീവിതവുമായി അതിനെ താരതമ്യപ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടി.
ചിത്രം തെറ്റായ ആശയപ്രചരണമാണ് നടത്തുന്നതെന്നും, ഇതിലെ സംഭാഷണങ്ങൾ ചരക്ക് സേവന നകുതി സംബന്ധിച്ച് ജനങ്ങളിൽ തെറ്റായ ധാരണകൾ വളരുന്നതിന് കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ച്. ചിത്രത്തിന്‍റെ പ്രദർശനം അടിയന്തരിമായി നിർത്തി വയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, ചിത്രത്തിലെ കഥാപാത്രങ്ങൾ ജി.എസ്.ടിയെയും നോട്ട് നിരോധനത്തെയും വിമർശിച്ചതിനെതിരേ ബി.ജെ.പി നേതാക്കൾ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം 'മെർസലി'നും വിജയ്ക്കും എതിരേ മതവികാരമുണർത്തുന്നതുൾപ്പെടെയുള്ള ശക്തമായ പ്രചരണമാണ് ഇപ്പോഴും ബി.ജെ.പി അനുകൂലകേന്ദ്രങ്ങൾ നടത്തുന്നത്. വിജയ് ജോസഫ് ക്രൈസ്തവനായതുകൊണ്ടാണ് ബി.ജെ.പിക്കെതിരായ ചിത്രങ്ങളിൽ അഭിനയിക്കുന്നതെന്ന മട്ടിലുള്ള
പ്രചാരണങ്ങളും ശക്തമായിരുന്നു.
അതേസമയം, ഡി.എം.കെ, കോൺഗ്രസ്, വിടുതലൈ ചിരുതൈകൾ കക്ഷി, പട്ടാളിമക്കൾ കക്ഷി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ സിനിമയ്ക്കു പിന്തുണയറിച്ച് രംഗത്തെത്തിയിരുന്നു. അറ്റ്‌ലിയാണ് മെർസലിന്‍റെ സംവിധായകൻ. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ ധനമന്ത്രി പി.ചിദംബരം, കമൽഹാസൻ, വിശാൽ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.