പാകിസ്ഥാന്റെ ലക്ഷ്യം ഭീകരരെ സൃഷ്ടിക്കൽ മാത്രം : സുഷമ സ്വരാജ്

ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ ഡോക്ടർമാരെയും എഞ്ചിനീയർമാരെയും സൃഷ്ടിക്കുന്പോൾ പാകിസ്ഥാന്റെ ലക്ഷ്യം ഭീകരരെ സൃഷ്ടിക്കുന്നത് മാത്രമാണെന്ന് സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു. പാകിസ്താൻ ജിഹാദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യക്കാരെ കൊലപ്പെടുത്തുക മാത്രമല്ല, മറിച്ച് അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജനങ്ങളെ കൂടി ഇല്ലാതാക്കുക എന്നതാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
യു.എൻ ജനറൽ അസംബ്ലിയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു സുഷമ. ഭീകരവാദവും കാലാവസ്ഥാ വ്യതിയാനവുമാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളി. എന്നാൽ മാനവരാശിയുടെ ഏറ്റവും വലിയ ശത്രു ഭീകരവാദമാണെന്ന് നാം അംഗീകരിക്കണം. പ്രകൃതമായ ആക്രമണങ്ങൾക്ക് ഒരുവിധത്തിലുള്ള ന്യായീകരണവും സാധ്യമല്ലെന്നും സുക്ഷമ പറഞ്ഞു.തീവ്രവാദം ആഗോള അഗ്‌നിയായി മാറിയിരിക്കുകയാണ്. ഇതിന് പരിഹാരം കാണണം.
ഞങ്ങളുടേത് ദാരിദ്ര്യത്തിനെതിരായുള്ള പോരാട്ടമാണ്. പക്ഷെ ഞങ്ങളുടെ അയൽക്കാരായ പാകിസ്ഥാൻ ഞങ്ങൾക്കെതിരെ പോരാടാനാണ് ആവേശം കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഹസ്തമാണ് വാഗ്ദാനം ചെയ്തത്. പാകിസ്ഥാൻ എന്തുകൊണ്ട് ഇത് നിഷേധിക്കുന്നുവെന്നതിന് പാക് പ്രധാനമന്ത്രി ഷാഹിദ് കഖാൻ ഉത്തരം പറയണമെന്നും സുഷമ ആവശ്യപ്പെട്ടു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ് തീവ്രവാദത്തെ കുറിച്ച് പാകിസ്ഥാന്റെ നിലപാട്. പിന്നെങ്ങനെ നിങ്ങൾ തീവ്രവാദത്തിനെതിരെ പോരാടുമെന്നും സുഷമ പാകിസ്ഥാനോട് ചോദിച്ചു.
അതേസമയം ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. ഭീകരവാദത്തിന്‍റെ ഭീഷണി സംബന്ധിച്ച് സുഷമ സ്വരാജ് ശക്തമായ സന്ദേശമാണ് നൽകിയത്. എന്തുകൊണ്ടാണ് ഈ ഭീഷണിക്കെതിരെ ഒന്നിച്ച് യുദ്ധം ചെയ്യേണ്ടതെന്നത് സംബന്ധിച്ചും അവർ വ്യക്തമാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. അവിശ്വസനീയമായ പ്രഭാഷണമായിരുന്നു സുഷമയുടേത്. ലോക വേദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.