ഹണിപ്രീതിനെ പ്രഖ്യാപിത കുറ്റവാളിയാക്കും

റായ്പൂർ : മാനഭംഗക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹിം സിംഗിന്‍റെ വളർത്തുപുത്രി ഹണിപ്രീതിനെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കാൻ ഹരിയാന പോലീസ് ശ്രമം ആരംഭിച്ചു. കൂടാതെ, ഹണിപ്രീത്, ദേര നടത്തിപ്പ് ചുമതലയിലുള്ള ആദിത്യ ഇൻസാൻ, പവൻ ഇൻസാൻ എന്നിവരുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും ശ്രമം തുടങ്ങി. ഇവരെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഹണിപ്രീതിനും കൂട്ടാളികൾക്കുമെതിരേ ഹരിയാന പോലീസ് സപ്തംബർ ഒന്നിന് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജയിലിലേക്ക് കൊണ്ടുപോകും വഴി ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഒൗട്ട് നോട്ടീസ്.
നേപ്പാൾ അതിർത്തിയിലെ കപിലവസ്തു, മൊഹാന, ഷോഹ്രത്ഗഡ്, ദേബറുവ പോലീസ് േസ്റ്റഷനുകളിൽ ഹണിപ്രീതിന്‍റെ ചിത്രങ്ങൾ പതിപ്പിച്ചു. നേപ്പാളുമായി അതിർത്തി പങ്കിടുന്ന മഹാരാജ്ഗഞ്ച്, ലഖിംപുർ, ബഹ്റായിച്ച് ജില്ലകളിൽ പോലീസ് അതീവ ജാഗ്രതയിലാണ്.
ഹണിപ്രീതിനെതിരേ ഹരിയാന പോലീസ് കഴിഞ്ഞദിവസം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പഞ്ച്കുളയിലെ സെക്ടർ 5 പോലീസ് േസ്റ്റഷനിലാണ് ഹണീപ്രീതിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം 25നാണ് ഗുർമീത് സിംഗിനിന് കോടതി ഇരുപത് വർഷം തടവുശിക്ഷ വിധിച്ചത്.