സംസ്ഥാന സർക്കാരിന്റെ നയം തീരുമാനിക്കുന്നത് മദ്യ മുതലാളിമാർ

കണ്ണൂർ : മദ്യമുതലാളിമാരുടെ പോക്കറ്റിനകത്തിരുന്ന് രാഷ്ട്രീയനയം സ്വീകരിക്കുന്ന സർക്കാരാണ് പിണറായിയുടെ നേതൃത്വത്തിലുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ. യു.ഡി.എഫ്. നേതൃയോഗം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ്. അധികാരത്തിൽ വന്നാൽ മദ്യവർജനത്തിന് പ്രാധാന്യം നൽകുമെന്ന് പറഞ്ഞത് വെറും പാഴ് വാക്കും തട്ടിപ്പുമായി.
ഓരോ ഗാന്ധിജയന്തി ദിനത്തിലും പത്ത്ശതമാനം ബാറുകൾ അടയ്ക്കുമെന്നതായിരുന്നു യു.ഡി.എഫിന്റെ മദ്യനയം. ഇപ്പോൾ ഓരോ ഗാന്ധിജയന്തി ദിനത്തിലും പത്ത് ബാർ തുറക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയെയും കെ.എം.മാണിയെയും മദ്യത്തിന്റെ പേരിൽ വേട്ടയാടി നിയമസഭയിൽ കസേര വലിച്ചെറിഞ്ഞ് ബഹളമുണ്ടാക്കിയത് മദ്യമുതലാളിമാർക്കുവേണ്ടിയാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുകയാണെന്നും ഈ സർക്കാർ നാടുനിളെ മദ്യഷാപ്പ് തുറന്ന് കുടുംബ ജീവിതം നാശമാക്കിയെന്നും മുനീർ അഭിപ്രായപ്പെട്ടു.
രാജ്യത്ത് കാർഷികവിളകൾക്ക് മതിയായ വില കിട്ടാതായതോടെ കർഷകർ ആത്മഹത്യ ചെയ്യുന്നു. കർഷകരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന പ്രധാന മന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽഗാന്ധി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഓരോ പ്രസംഗവും ഭാവി പ്രധാനമന്ത്രിയുടെ വാക്കുകളാണ് പ്രകടമാക്കുന്നതെന്നും −മുനീർ പറഞ്ഞു.
യോഗത്തിൽ യു.ഡി.എഫ്. ചെയർമാൻ പ്രൊഫ. എ.ഡി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി, മുൻ മന്ത്രി കെ.പി.മോഹനൻ, പി.കുഞ്ഞിമുഹമ്മദ്, വി.കെഅബ്ദുൾഖാദർ മൗലവി തുടങ്ങിയവർ സംസാരിച്ചു.