മെഡിക്കൽ കോളേജുകളുടെ അംഗീകാരം: വസ്തുതകൾ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : കേരളത്തിലെ മൂന്ന് മെഡിക്കൽ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ വിഷയത്തിൽ വസ്തുതകൾ പരിശോധിച്ച് തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൽ പ്രത്യേകം വ്യക്തത വരുത്തേണ്ടതില്ലെന്നും രണ്ടംഗ ബെഞ്ചിന് കേരളത്തിലെ മൂന്ന് മെഡിക്കൽ കോളേജുകളുടെ അപേക്ഷയിൽ വസ്തുതകൾ പരിശോധിച്ച് തീരുമാനം പറയുന്നതിൽ തടസമില്ലെന്നും കോടതി പറഞ്ഞു. ആഗസ്റ്റ് 31 ന് ശേഷം മെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനുമതി നൽകേണ്ടെന്ന റോയൽ മെഡിക്കൽകോളേജ് കേസിലെ വിധിയിൽ വ്യക്തത തേടിയുള്ള അപേക്ഷ തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
തൊടുപുഴ അൽ അസർ, അടൂർ മൗണ്ട് സിയോൺ, കൽപ്പറ്റ ഡി.എം മെഡിക്കൽ കോളേജുകൾ നൽകിയ അപേക്ഷകൾരണ്ടംഗ ബെഞ്ച് നാളെ പരിഗണിക്കും. ഈ കോളേജുകളിലെ നാന്നൂറ് വിദ്യാർത്ഥികൾക്ക് കോടതിയുടെ തീരുമാനം നിർണായകമാകും. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് മൂന്ന് കോളേജുകളുടെയും അനുമതി റദ്ദാക്കിയത്.
ഈ മൂന്ന് കോളേജുകൾക്കും പ്രവേശനം നടത്താൻ കേരള ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് റിട്ട് ഹർജി നൽകാൻ കോളേജുകൾക്ക് അനുമതി നൽകുകയായിരുന്നു. മൂന്ന് സ്വാശ്രയ കോളേജുകളിലുമായി 400 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്.
ഈ മൂന്നു കോളേജുകളിലും പ്രവേശനം നൽകിയിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പട്ടികയിൽ നിന്നാണെന്നും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ പഠിക്കാൻ അനുവദിക്കണമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ മാനദണ്ധങ്ങൾ പാലിക്കാത്തതിനാൽ പ്രവേശനത്തെ എം.സി.ഐ എതിർക്കുകയാണ്.