ശക്തമായ ചുഴലിക്കാറ്റ് : ആറളത്ത് എട്ട് വീടുകൾ തകർന്നു

ഇരിട്ടി : ശക്തമായ ചുഴലിക്കാറ്റിൽ ആറളം പഞ്ചായത്തിൽ എട്ട് വീടുകൾ തകർന്നു. കാർഷിക വിളകൾ നശിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കാറ്റ് വീശിയത്. ഒന്നര കിലോമീറ്റർ ചുറ്റളവിൽ 20 ഏക്കറോളം സ്ഥലത്താണ് രണ്ട് മിനിറ്റു നേരം കാറ്റ് വീശിയത്. പഞ്ചായത്തിലെ ഉരുപ്പുംകുണ്ട്, കല്ലറ, വെള്ളരിവയൽ, മൈലാടുംപാറ, അണക്കെട്ട് എസ്.ടി. കോളനി, മഠത്തിൽ കുടുംബ കോളനി എന്നിവിടങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. പ്രദേശത്ത് വൈദ്യുതബന്ധം പൂർണമായും തകർന്നു. ഇരുപത് കൃഷിക്കാരുടെ ഏക്കർ കണക്കിന് വിളകൾ നശിച്ചു. പതിനൊന്ന് വൈദ്യുത തൂണ്‍ മരം വീണ് തകർന്നു. വൈദ്യുത ബന്ധം നിലച്ചു. മരങ്ങൾ കടപുഴകി വീണും പൊട്ടിവീണും വീടുകളുടെ മേൽക്കൂര തകർന്നു. റബർ, തേക്ക്, ആഞ്ഞിലി, പ്ലാവ്, കശുമാവ് മരങ്ങളും നൂറുകണക്കിന് കുലച്ചതും കുലക്കാറായതുമായ വാഴകളും കാറ്റിൽ നിലംപൊത്തി.
ഏകദേശം ഒന്നര മിനുട്ട് മാത്രമാണ് കാറ്റ് ശക്തമായി വീശിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനുള്ളിൽ കൂറ്റൻ മരങ്ങൾ ഉൾപ്പെടെ നിലംപൊത്തിയിരുന്നു.
രണ്ട് ഡസനോളം പേരുടെ കൃഷിക്കാണ് നാശമുണ്ടായത്. ഉരുപ്പുംകുണ്ടിലെ ജോയി ജോസഫ് കൊല്ലംകോട്ട് തറപ്പിൽ, ബാബു കുട്ടിയാനിയിൽ, ബിജു തുരത്തേൽ, സാബു തുരത്തേൽ, എൽദോ നാലുവേലിൽ, മാത്യു ഈന്തുങ്കൽ, ഷാജി കുരയ്ക്കനാൽ, അന്നക്കുട്ടി പാറപ്പുറത്ത് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. ഇവരുടെ കൃഷിയും നശിച്ചിട്ടുണ്ട്. മാത്യു ഈന്തുങ്കലിന്റെ വീടിന്റെ ഷീറ്റ് പത്ത് മീറ്ററോളം പാറിപ്പോയി. തുരത്തേൽ ബിജുവിന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. കൂടാതെ മറ്റ്് പലർക്കും വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുനന്ത്.
ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരങ്ങൾ നീക്കി. പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറന്പിലിന്റെയും ആറളം വില്ലേജ് ഓഫീസർ സി.ഡിമഹേഷിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്തു.