ന​ഴ്സിം​ഗ് കോ​ളേ​ജു​ക​ൾ​ക്ക് ന​ഴ്സിം​ഗ് കൗ​ൺസി​ലിന്‍റെ അം​ഗീ​കാ​രം വേണ്ടെന്ന് സു​പ്രീംകോ​ട​തി


ന്യൂഡൽഹി : രാജ്യത്തെ നഴ്സിംഗ് കോളേജുകൾക്ക് അംഗീകാരം ഇല്ലാതാക്കുന്നതിനോ നൽകുന്നതിനോ ഉള്ള അധികാരം ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് ഇല്ലെന്ന് സുപ്രീം കോടതി. കോളേജുകൾക്ക് അംഗീകാരം ഉണ്ടെന്നോ ഇല്ലെന്നോ സംബന്ധിച്ച വിവരങ്ങൾ നഴ്സിംഗ് കൗൺസിൽ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തരുതെന്നും കോടതി നിർദ്ദേശിച്ചു.  ജസ്റ്റീസുമാരായ രോഹിൻടൺ നരിമാൻ, സഞ്ജയ് കിഷൻ കൗൾ എന്നിവരുടെതാണ് ഉത്തരവ്. കർണാടകയിലെ മിക്ക നഴ്സിംഗ് കോളേജുകൾക്കും അംഗീകാരമില്ലെന്ന നഴ്സിംഗ് കൗൺസിലിന്‍റെ ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരമില്ലാതെ കോളേജുകൾക്കു പ്രവർത്തിക്കാനാവില്ലെന്ന കൗൺസിലിന്‍റെ ഉത്തരവിനെതിരെ കർണാടക നഴ്സിംഗ് കോളേജുകളുടെ അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. 

കോളേജുകൾ നടത്തുന്നതിനു അതാത് സംസ്ഥാന സർക്കാരുകളും അഫിലിയേറ്റഡ് യൂണിവേഴ്സിറ്റികളുടെയും അംഗീകാരത്തിനൊപ്പം ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരം കൂടി നേടണമെന്നായിരുന്നു കൗൺസിലിന്‍റെ വാദം. എന്നാൽ, നഴ്സിംഗ് കോളേജുകൾക്ക് അംഗീകാരം നൽകാനുള്ള നിയമപരമായ അധികാരം ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് ഇല്ലെന്ന് കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. അതു ശരിവച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed