മിന്നലാക്രമണം: ദൃശ്യങ്ങൾ സൈന്യം കൈമാറി

ന്യൂഡൽഹി: പാക്കിസ്‌ഥാനിൽ നടത്തിയ സൈനിക തിരിച്ചടിയുടെ ദൃശ്യങ്ങൾ സൈന്യം കേന്ദ്രസർക്കാരിനു കൈമാറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിറാണ് ഇക്കാര്യം പുറത്തുവിട്ടത്. സെപ്തംബർ 28നു സൈനിക തിരിച്ചടി നടത്തിയതിനു ശേഷം ആദ്യം ഇതു സംബന്ധിച്ച രേഖകൾ സൈന്യം കേന്ദ്രസർക്കാരിനു കൈമാറിയിരുന്നുവെന്നും ഇപ്പോൾ ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് കൈമാറിയതെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചാൽ ദൃശ്യങ്ങൾ പുറത്തു വിടാമെന്നും അപ്പോൾ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടി സംബന്ധിച്ച പാക്കിസ്‌ഥാന്റെ വാദം പൊളിയുമെന്നും ഹൻസ്രാജ് അഹിർ പറഞ്ഞു. നേരത്തെ ദൃശ്യങ്ങൾ, പുറത്തു വരുന്നതോടെ ഇത്തരമൊരു സൈനിക നീക്കത്തെക്കുറിച്ച് സ്വന്തം രാജ്യത്തു നിന്നു തന്നെ സംശയം പ്രകടിപ്പിച്ചവർക്ക് മറുപടി ലഭിക്കുമെന്ന് സൈനിക വൃത്തങ്ങൾ സൂചിപ്പിരുന്നു.