പട്ടാപ്പകല്‍ 17 കാരിയെ കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദില്‍ പട്ടാപ്പകല്‍ 17 കാരിയെ കഴുത്തറുത്ത് കൊന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനാണ് സന്ധ്യയെന്ന പെണ്‍കുട്ടിയെ വീട്ടുമുറ്റത്തുവെച്ച് കൊലപ്പെടുത്തിയത്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ മഹേഷ് എന്ന 22 കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ കത്തിയുമായെത്തിയ ഇയാള്‍ സന്ധ്യയുടെ കഴുത്തില്‍ തുടര്‍ച്ചയായി കുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സന്ധ്യ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു.
വിവാഹാഭ്യര്‍ഥനയുമായി ഇയാള്‍ സന്ധ്യയെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. കൂടാതെ സന്ധ്യയ്ക്ക് വരുന്ന വിവാഹാലോചനകളെല്ലാം ഇയാള്‍ മുടക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സന്ധ്യയുടെ കുടുംബം പൊലിസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് ഇയാള്‍ക്കെതിരെ ഒരു നടപടിയും എടുത്തിരുന്നില്ല.
വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് സമാനമായ രീതിയില്‍ വീണ്ടുമൊരു കൊലപാതകം കൂടെ നടന്നിരിക്കുന്നത്.