കാറിടിച്ചു മധ്യവയസ്‌കൻ മരിച്ചു

ചെന്നൈ: അതിവേഗത്തിലോടിച്ച ഓഡി കാറിടിച്ചു റോഡരികിൽനിൽക്കുകയായിരുന്ന മധ്യവയസ്‌കൻ മരിച്ചു. നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്നു പിടികൂടി. കാറോടിച്ച യുവതിയായ എൻജിനീയർ മദ്യലഹരിയിലായിരുന്നെന്നു പൊലീസ്. ചെന്നൈ ഓൾഡ് മഹാബലിപുരം റോഡിൽ എസ്ആർപി ടൂൾസിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
നാൽപത്തഞ്ചുകാരനായ മുന്നസാമിയാണു മരിച്ചത്. ചെട്‌പെട്ടിൽ എൻജിനീയറായ ഐശ്വര്യ(26)യാണു പിടിയിലായത്. റോഡ് കുറുകെക്കടക്കാൻ നിൽക്കുകയായിരുന്നു മുന്നസാമി. അതിവേഗത്തിൽ വന്ന കാർ മുന്നസാമിയെ ഇടിച്ചിടുകയായിരുന്നു. നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്നു പിടികൂടുകയായിരുന്നു. പൊലീസ് ഐശ്വര്യയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.