വാഹനങ്ങള്‍ക്ക് ആജീവനാന്ത നികുതി ഏര്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കി


ബംഗളൂരു: ഉദ്യാനനഗരിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മലയാളികള്‍ക്ക് ആശ്വാസമായി കര്‍ണാടക ഹൈക്കോടതി വിധി. ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് ആജീവനാന്ത നികുതി ഏര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി.

സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമെന്നു കണ്ടാണു കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയത്. ജോലി ആവശ്യത്തിനും മറ്റുമായി കര്‍ണാടകത്തില്‍ വന്നു പോകുകയും താമസിക്കുകയും ചെയ്യുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണു കോടതിവിധി.

ഇതര സംസ്ഥാന വാഹനങ്ങള്‍ 30 ദിവസത്തിലധികം കര്‍ണാടകയില്‍ തങ്ങിയാല്‍ ആജീവനാന്ത നികുതി നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഇതരസംസ്ഥാന വാഹനങ്ങള്‍ പിടികൂടി ഗതാഗത വകുപ്പ് ആജീവനാന്ത നികുതി ചുമത്താന്‍ തുടങ്ങിയത് 2014 ല്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെയാണ്. സംസ്ഥാനത്ത് ഒരു മാസത്തില്‍ കൂടുതല്‍ ഓടുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ പിടികൂടി ആജീവനാന്ത നികുതി ചുമത്താറായിരുന്നു പതിവ്.

മറ്റു സംസ്ഥാനങ്ങളില്‍ 12 മാസം സമയപരിധി അനുവദിക്കുമ്ബോഴാണ് കര്‍ണാടകം 30 ദിവസമാക്കി ചുരുക്കിയത്. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന മലയാളികളടക്കമുള്ള അന്യസംസ്ഥാനക്കാരെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു വിധി. കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച്‌ ഏതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷംവരെ സര്‍വീസ് നടത്താമെന്നുകാണിച്ചായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി.

കര്‍ണ്ണാടക മോട്ടോര്‍വാഹന രജിസ്ട്രേഷന്‍ വകുപ്പിന്റെ തീരുമാനത്തിനെതിരെ കോടതി നേരത്തെ സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സ്റ്റേ കാലാവധി അവസാനിച്ചതോടെ നിയമം കര്‍ശമാക്കാന്‍ കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു.

2014 ഫെബ്രുവരിയില്‍ ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് കര്‍ണ്ണാടക മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തതോടെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നോക്കി പിടികൂടി ആജീവനാന്ത നികുതി പിഴയായി പിരിക്കുന്നത് പതിവായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഹര്‍ജി കോടതിയുടെ മുന്നില്‍ എത്തിയത്.

പുതിയ വിധി ബംഗളൂരു, മംഗളൂരു, മൈസൂര്‍ അടക്കമുള്ള നഗരങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസമാകും. കര്‍ണാടക മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തതിനുശേഷം 50 കോടിയോളം രൂപയാണു മൂവായിരത്തോളം വാഹനങ്ങളില്‍ നിന്നു പിഴ ഈടാക്കിയിരുന്നത്. വന്‍ തുക പിഴ ഒടുക്കാന്‍ സാധിക്കാത്ത വാഹനങ്ങള്‍ കസ്റ്റഡില്‍ എടുക്കുകയും ചെയ്തിരുന്നു.

You might also like

  • Straight Forward

Most Viewed