ജെ.എന്‍.യു സംഭവം: വിദ്യാര്‍ഥികൾക്കെതിരായ തെളിവുകൾ കൈയ്യിലുണ്ടെന്ന് പോലീസ് കമീഷണര്‍

ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികളുടെ മേല്‍ ചുമത്തിയ രാജ്യദ്രോഹകുറ്റം തെളിയിക്കുന്ന വിഡിയോയും ഫോട്ടോകളും പൊലീസിന്റെ കൈയ്യിലുണ്ടെന്ന് കമീഷണര്‍ ബി.എസ് ബസ്സി. അതേ സമയം കേസ് എന്‍.ഐ.എക്കോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറുമെന്ന വാര്‍ത്ത കമീഷണര്‍ നിഷേധിച്ചു. പൊലീസ് തന്നെ ഈ കേസ് അന്വേഷിക്കുമെന്നും ബസ്സി വ്യക്തമാക്കി.
തീവ്രവാദ ഗ്രൂപ്പുകളുമായി വിദ്യാര്‍ഥികള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യങ്ങള്‍ അന്വേഷിക്കും. വിദ്യാര്‍ഥികളെ അനുകൂലിച്ച് ഹാഫിസ് സഈദിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ട സംഭവവും പൊലീസ് ഗൗരവപൂര്‍വം അന്വേഷിക്കുന്നുണ്ടെന്നും കമീഷണര്‍ അറിയിച്ചു
അതിനിടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാല അധ്യാപകരും ജീവനക്കാരും ഇന്ന് മുതല്‍ പണിമുടക്കും. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ വിട്ടയക്കുക, വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ അവസാനിപ്പിക്കുക, കാമ്പസില്‍ നിന്ന് പൊലീസിനെ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുമാണ് സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്.