മലിനീകരണം കുറയ്ക്കാൻ ഡൽഹി; ഇന്ധന വാഹനങ്ങൾക്ക് വിലക്ക്, ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഇളവുകൾ
ശാരിക I ദേശീയം
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിനായി വിപ്ലവകരമായ ഇലക്ട്രിക് വാഹന നയത്തിന്റെ കരട് ഡൽഹി സർക്കാർ പുറത്തിറക്കി. നഗരത്തിലെ ഇന്ധന വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കി പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.
പുതിയ നിയമപ്രകാരം 2027 ജനുവരി ഒന്നുമുതൽ ഡൽഹിയിൽ പുതിയ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്ക് മാത്രമായിരിക്കും രജിസ്ട്രേഷൻ അനുവദിക്കുക. 2028 ഏപ്രിൽ ഒന്നുമുതൽ ഈ നിയന്ത്രണം ഇരുചക്ര വാഹനങ്ങളിലേക്കും വ്യാപിപ്പിക്കും. ഡെലിവറി സർവീസുകൾക്കായി ഉപയോഗിക്കുന്ന ടു വീലറുകളും ഗുഡ്സ് വാഹനങ്ങളും ഇനിമുതൽ ഇലക്ട്രിക് മാത്രമായിരിക്കും. നിലവിലുള്ള ബി.എസ്-6 ഇരുചക്ര വാഹനങ്ങൾക്ക് 2026 ഡിസംബർ 31 വരെ മാത്രമേ നഗരത്തിൽ അനുമതി നൽകുകയുള്ളൂ. ഇതോടെ പെട്രോൾ ടു വീലറുകളുടെ രജിസ്ട്രേഷൻ ഡൽഹിയിൽ പൂർണ്ണമായും ഇല്ലാതാകും.
സ്കൂൾ ബസുകളും സർക്കാർ വാഹനങ്ങളും ഘട്ടം ഘട്ടമായി ഇലക്ട്രിക്കിലേക്ക് മാറ്റാൻ നയം നിർദ്ദേശിക്കുന്നു. 2030 ആകുമ്പോഴേക്കും ഈ വിഭാഗത്തിലെ 30 ശതമാനം വാഹനങ്ങളും ഇവിയിലേക്ക് മാറ്റാനാണ് ലക്ഷ്യം. സർക്കാർ ആവശ്യങ്ങൾക്കായി ഇനിമുതൽ വാങ്ങുന്നതോ വാടകയ്ക്കെടുക്കുന്നതോ ആയ വാഹനങ്ങൾ നൂറുശതമാനവും ഇലക്ട്രിക് ആയിരിക്കും. ഇതിനുപുറമെ ഗതാഗത വകുപ്പിന് കീഴിലുള്ള അന്തർ സംസ്ഥാന ബസുകളും ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറും.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ആകർഷകമായ സബ്സിഡികളും നികുതി ഇളവുകളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് കാറുകൾക്ക് ഒരു ലക്ഷം രൂപ വരെയും ഇരുചക്ര വാഹനങ്ങൾക്ക് ബാറ്ററി ശേഷി അനുസരിച്ചും ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയിലും രജിസ്ട്രേഷൻ ഫീസിലും 100 ശതമാനം ഇളവ് നൽകും. പഴയ ബി.എസ്-4 വാഹനങ്ങൾ പൊളിക്കാൻ (Scrappage) തയ്യാറാകുന്നവർക്ക് 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. സബ്സിഡി വിതരണം പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാക്കാനും ചാർജിംഗ് സ്റ്റേഷനുകൾ വിപുലീകരിക്കാനും പുതിയ നയം ഊന്നൽ നൽകുന്നു.
gdfg




