66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ ഒട്ടക സേന പങ്കെടുക്കില്ല

റിപ്പബ്ലിക് ദിന പരേഡിന്റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തവണ ആദ്യമായി ഒട്ടക സേന പങ്കെടുക്കില്ല. കഴിഞ്ഞ ഏതാനും മാസമായി ഒട്ടക സേന ഡല്‍ഹിയില്‍ ഉണ്ടെങ്കിലും ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തതിനാല്‍ റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സലില്‍ പങ്കെടുപ്പിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനുവരി 29ന് റെയ്‌സിന കുന്നില്‍ നടക്കുന്ന ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങിലും ഒട്ടക സേന പങ്കെടുത്തേക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.രാജ്ഘട്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ അവിഭാജ്യഘടകമായിരുന്നു ഒട്ടക സേന. 54 അംഗങ്ങളുള്ള മൗണ്ടഡ് വിഭാഗം, 36 അംഗങ്ങളുള്ള മെമ്പര്‍ ബാന്‍ഡ് എന്നിങ്ങനെ രണ്ട് ടീമുകളായാണ് ഈ സംഘം പരേഡില്‍ പങ്കെടുത്തിരുന്നത്. ആയുധങ്ങള്‍ കൈവശമുള്ള ബിഎസ്എഫ് ഗാര്‍ഡുകളാണ് ഒട്ടകങ്ങളെ നിയന്ത്രിച്ച് ആദ്യ സംഘത്തില്‍ എത്തുന്നത്. വര്‍ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞ് വാദ്യോപകരണങ്ങള്‍ വായിച്ച് ബാന്‍ഡ് സംഘമാണ് ഒട്ടകപ്പുറത്ത് രണ്ടാമത്തെ സംഘമായി എത്തുന്നത്.ബോഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഒട്ടക സേന 1976 മുതലാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു തുടങ്ങിയത്. അതുവരെ കരസേനയുടെ ഒട്ടക സേനയാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിരുന്നത്.