ജമ്മുകശ്മീര്‍ സര്‍ക്കാര്‍: ബിജെപിയെ ഒഴിവാക്കാന്‍ പിഡിപി ആലോചന

ശ്രീനഗര്‍: മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണത്തെ തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തിലായ ജമ്മു കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി. ബി.ജെ.പി സഖ്യം വെടിഞ്ഞ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമമാണ് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി നടത്തുന്നതെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.
അതേസമയം മുഖ്യപ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയും അണിയറ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയുടെ ഭാഗത്തുനിന്ന് അത്തരം നിര്‍ദേശം വന്നാല്‍ ആലോചിക്കുമെന്ന് ഇന്നലെ പറഞ്ഞ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള ഇന്ന് അറിയിച്ചത് ബി.ജെ.പിയുമായി ഒരു നീക്കുപോക്കിനും ഇല്ലെന്നാണ്. രാഷ്ട്രീയ നീക്കങ്ങളും അഭ്യൂഹങ്ങളും നേതാക്കള്‍ പരസ്യമായി നിഷേധിക്കുന്നുവെങ്കിലും അണിയറയില്‍ സാധ്യതാ ചര്‍ച്ചകള്‍ സജ്ജീവമാണെന്നാണ് വിവരം.
പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മെഹബൂബ മുഫ്തി പി.ഡി.പിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് പി.ഡി.പിയുടെ നിലപാട് എന്തായിരിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല. മുന്‍ മന്ത്രിമാരെയും എംപിമാരെയും മുതിര്‍ന്ന ഭാരവാഹികളുമെല്ലാം യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.
ബിജെപിയുമായി സംഖ്യം തുടരുന്നതിനോട് പി.ഡി.പിക്കും മെഹബൂബ മുഫ്തിക്കും വലിയ താല്‍പര്യമില്ലെന്നാണ് വിവരം. സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നത് അടക്കമുള്ള മുഫ്തി മുഹമ്മദ് സയ്യദിന്റെ ആവശ്യങ്ങളോട് കേന്ദ്രത്തില്‍നിന്നുണ്ടായ പ്രതികരണങ്ങളില്‍ പി.ഡി.പി സംസ്ഥാന ഘടകം തൃപ്തരല്ല. മുതിര്‍ന്ന നേതാവായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന് അതനുസരിച്ചുള്ള പരിഗണന കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചില്ലെന്ന പരിഭവവും സംഖ്യം ഉപേക്ഷിക്കുന്നതിനുള്ള കാരണമായി പി.ഡി.പി മുന്നോട്ടുവെക്കുന്നു. ആകെയുള്ള 87 അംഗ സഭയില്‍ പി.ഡി.പിക്ക് 27ഉം ബി.ജെ.പിക്ക് 25ഉം അംഗങ്ങളാണുള്ളത്.
പിഡിപിയുടെ നിബന്ധനകള്‍ അനുസരിച്ച് സഖ്യത്തില്‍ തുടരുന്നതിന് പകരമാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപകീരണത്തിനുളള നീക്കങ്ങളാണ് ബി.ജെ.പിയും നടത്തുന്നതെന്നും വിവരമുണ്ട്.