സുപ്രീം കോടതിയുടെ നിരോധനം വക വയ്ക്കാതെ ജെല്ലിക്കട്ട്

തിരുപ്പതി: സുപ്രീം കോടതിയുടെ നിരോധനം വക വയ്ക്കാതെ ആന്ധ്രാപ്രദേശില്‍ ജെല്ലിക്കട്ട് നടത്തി. തിരുപ്പതിയ്ക്ക് സമീപം രംഗംപേട്ട ഗ്രാമത്തിലാണ് ജെല്ലിക്കട്ട് നടന്നത്. ശനിയാഴ്ച കനുമ ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ജെല്ലിക്കട്ട്.
അതേ സമയം സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുള്ള നടപടിയില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ജെല്ലിക്കെട്ടില്‍ 40ഓളം പേര്‍ക്ക് പരുക്കേറ്റു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ചിറ്റൂര്‍, നെല്ലൂര്‍, കഡപ്പ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന്ന ആളുകളാണ് ജെല്ലിക്കട്ട് കാണാനെത്തിയത്.
പ്രദേശത്തെ മദ്യശാലകളെല്ലാം മുന്‍കരുതലിന്റെ ഭാഗമായി അടച്ചിരുന്നു. പരുക്കേറ്റവരെ കൊണ്ടുപോകാന്‍ ആംബുലന്‍സും തയ്യാറാക്കി നിര്‍ത്തിയിരുന്നു.രാമചന്ദ്രാപുരം മണ്ഡലിലെ പുള്ളൈയാഗരിപള്ളെയിലും ബൊപ്രജുവാരിപ്പള്ളെയിലും ജെല്ലിക്കട്ട് സംഘടിപ്പിച്ചു. കാളകള്‍ക്ക് മത്സരത്തിന് മുമ്പ് മദ്യവും കഞ്ചാവും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട്ടില്‍ ജനകീയമായ ജെല്ലിക്കട്ട് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലും ഒന്നര നൂറ്റാണ്ടോളമായി സജീവമാണ്. ദേവതകളായ കടമ്മ രാജുവിനും സത്തെമ്മ ദേവിയ്ക്കും വഴിപാട് നല്‍കിക്കൊണ്ടാണ് കര്‍ഷകര്‍ ഏറെ അപകടകരമായ കാളപ്പോര് നടത്തുന്നത്.