ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ചരക്കു സേവന നികുതി ബില്‍ വെറും 15 മിനിറ്റിനുള്ളിൽ പാസ്സാക്കി തരാം: രാഹുൽ

മുംബൈ: കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ ചരക്കു സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസാക്കുമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിനായി വെറും 15 മിനിറ്റ് മതിയെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ഏകീകൃത നികുതി ഏര്‍പ്പെടുത്തുന്ന ബില്ലാണ് ചരക്കു സേവന നികുതി ബില്‍ (ജി.എസ്.ടി). ലോക്‌സഭയില്‍ പാസായ ഈ ബില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറവായ രാജ്യസഭയില്‍ കുടുങ്ങിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നിനു മുമ്പായി ബില്‍ പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.മുംബൈയിലെ നര്‍സീ മോന്‍ജീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.കേന്ദ്ര സര്‍ക്കാരിന്റെ മറ്റു ചില നയങ്ങളിലും രാഹുല്‍ ഗാന്ധി പ്രതികരണം അറിയിച്ചു. 26/11 നു ശേഷം പാകിസ്താനുമായി നമ്മള്‍ അകലം പാലിച്ചിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അനൗപചാരികമായി പാകിസ്താനുമായി അടുക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ കാര്‍മികത്വത്തിലാണ് പത്താന്‍കോട്ട് ആക്രമണം കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ ജോലി അതല്ല. വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര കാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ നല്ല ഉപദേശം സ്വീകരിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.