തീവ്രവാദിയാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി പത്താൻകോട്ടേക്ക്


തീവ്രവാദിയാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി പത്താൻകോട്ടേക്ക് 

ന്യൂ ഡല്ഹി: ഭീകരാക്രമണമുണ്ടായ പത്താൻകോട്ട് വ്യോമസേനതാവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. രാവിലെ പതിനൊന്ന് മണിയോടെ പ്രധാനമന്ത്രി പത്താൻകോട്ടിലെത്തുമെന്നാണ് സൂചന. ആക്രമണത്തെ തുടർന്നുളള സാഹചര്യങ്ങളും തന്ത്രപ്രധാന വ്യോമസേനാ താവളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും പ്രധാനമന്ത്രി വിലയിരുത്തും. ഭീകരരെ വധിച്ചശേഷം വ്യോമസേനാ താവളം പൂർണമായും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതായി വ്യോമസേന അറിയിച്ചു. അതേസമയം കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. അതിർത്തി ഗ്രാമങ്ങളിലെ പാടങ്ങളിൽ നിന്നും വ്യോമസേനാ താവളത്തിൽ നിന്നും ശേഖരിച്ച കാൽപ്പാടുകൾ ‌ഫൊറൻസിക്ക് പരിശോധനയ്ക്ക് അയച്ചു.പത്താൻകോട്ട് ആക്രമണത്തെ പറ്റി അന്വേഷിക്കാൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്നലെ ഉത്തരവിട്ടിരുന്നു. ഇന്ത്യ പാകിസ്താന് നൽകിയ തെളിവുകൾ വെച്ചാണ് പാകിസ്താൻ അന്വേഷണത്തിന് തീരുമാനിച്ചത്. പാക് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് ശരീഫ് നിർദേശം നൽകിയത്.അതിനിടെ, ഗുരുദാസ്പൂർ എസ്.പി സൽവീന്ദർ സിങ്ങിന് എൻ.ഐ.എ സമൻസ് അയച്ചു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇദ്ദേഹം നൽകിയ മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ എൻ.ഐ.എ തീരുമാനിച്ചത്.

You might also like

  • Straight Forward

Most Viewed