വിദേശ കമ്പനികൾക്ക് ഒരു ലക്ഷം ദിനാർ മൂലധന നിബന്ധന; ബിൽ തള്ളാൻ ബഹ്‌റൈൻ പാർലമെന്റ് സമിതി ശുപാർശ


പ്രദീപ് പുറവങ്കര

മനാമ: പൂർണ്ണമായും വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് കുറഞ്ഞത് ഒരു ലക്ഷം ബഹ്‌റൈൻ ദിനാർ (BD100,000) മൂലധനം നിർബന്ധമാക്കാനുള്ള നിർദ്ദേശത്തിന് ബഹ്‌റൈൻ പാർലമെന്റിൽ തിരിച്ചടി. ഈ വ്യവസ്ഥ നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ബിൽ തള്ളാൻ സാമ്പത്തിക കാര്യ സമിതി ശുപാർശ ചെയ്തു. സമിതിയുടെ ശുപാർശയ്ക്ക് പിന്നാലെ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ ചർച്ച ചെയ്ത് വോട്ടിനിടും.

വാണിജ്യ കമ്പനി നിയമത്തിലെ ആർട്ടിക്കിൾ 345 ഭേദഗതി ചെയ്ത്, ചില ബിസിനസ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് തേടുന്ന പൂർണ്ണ വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് കുറഞ്ഞത് ഒരു ലക്ഷം ദിനാർ മൂലധനം നിബന്ധനയാക്കാനാണ് നിർദ്ദേശിച്ചിരുന്നത്. കുറഞ്ഞ മൂലധനവുമായി വിപണിയിലെത്തുന്ന വിദേശ നിക്ഷേപകർ തദ്ദേശീയ വ്യാപാരികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും വെല്ലുവിളിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാരായ മുഹമ്മദ് സൽമാൻ അൽ അഹമ്മദ്, അഹമ്മദ് ഖരാത്ത, ജലാൽ കാദെം എന്നിവർ ബിൽ അവതരിപ്പിച്ചത്.

എന്നാൽ, ഇത്തരമൊരു മൂലധന പരിധി നിശ്ചയിക്കുന്നത് വിദേശ നിക്ഷേപകരെ പിന്നോട്ട് വലിപ്പിക്കുമെന്നും നിലവിലുള്ള നിയമങ്ങളുമായി വൈരുദ്ധ്യമുണ്ടാക്കുമെന്നും 'എക്കണോമിക് വിഷൻ 2030'-നെ ബാധിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി. 2024 ഏപ്രിലിൽ കൂടുതൽ പഠനത്തിനായി പാർലമെന്റ് മടക്കിയയച്ച ബില്ലിൽ പിന്നീട് ഭേദഗതി വരുത്തിയിരുന്നു. ഭാഗികമായോ പൂർണ്ണമായോ വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളെ ഉൾപ്പെടുത്തിയിരുന്ന ആദ്യ നിർദ്ദേശത്തിൽ നിന്ന് മാറ്റി, പൂർണ്ണ വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് മാത്രമായി പരിഷ്കരിച്ച ബിൽ ചുരുക്കിയിരുന്നു.

മൂലധനക്കുറവുള്ള വിദേശ കമ്പനികൾ പ്രാദേശിക ബിസിനസുകളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ബഹ്‌റൈനി ബിസിനസ്മെൻസ് സൊസൈറ്റിയും കർശന മൂലധന നിബന്ധനയെ പിന്തുണച്ചിരുന്നു. എന്നാൽ, ആദ്യ ബില്ലിനെ വ്യവസായ-വാണിജ്യ മന്ത്രാലയം എതിർത്തിരുന്നു. 2021-ലെ മന്ത്രിസഭാ തീരുമാനം ഉൾപ്പെടെയുള്ള നിലവിലുള്ള നിക്ഷേപ ചട്ടങ്ങൾ തന്നെ വിദേശ ഉടമസ്ഥതയിലുള്ള ബിസിനസ് പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ മതിയായതാണെന്നും സമിതി വ്യക്തമാക്കി.

article-image

്്ിേ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed