പഴയ പ്രതാപത്തിലേക്ക് തിരികെ എത്തുവാൻ ഓർക്കൂട്ട്; പിന്തുണ തേടി സ്ഥാപകൻ
ശാരിക
ന്യൂഡൽഹി: മുൻകാല ജനപ്രിയ സോഷ്യൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമായ ഓർക്കൂട്ട് തിരിച്ചെത്തിയേക്കും. പ്ലാറ്റ്ഫോം പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ പദ്ധതിക്ക് ഇന്റർനെറ്റ് ഉപയോക്താക്കൾ പിന്തുണ നൽകണമെന്ന് സ്ഥാപകൻ ഓർക്കൂട്ട് ബ്യൂക്കോക്കൊൻ X പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. എന്നാൽ പുതിയ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്ന തീയതി അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.
ഗൂഗിൾ എൻജിനീയറായ ഓർക്കൂട്ട് ബ്യൂക്കോക്കൊൻ നിർമ്മിച്ച് ഗൂഗിൾ നടത്തിവന്നിരുന്ന ആദ്യകാല സോഷ്യൽ നെറ്റ്വർക്കിങ് സേവനമായിരുന്നു ഓർക്കൂട്ട്. 2004 ജനുവരിയിൽ ആരംഭിച്ച ഇത് ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ വളരെ ജനപ്രിയമായി മാറി. പ്രൊഫൈലുകൾ, കമ്മ്യൂണിറ്റികൾ, ടെസ്റ്റിമോണിയലുകൾ, സുഹൃത്ത് ശുപാർശകൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള അവസരം അത് നൽകിയിരുന്നു. എന്നാൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മറ്റ് സോഷ്യൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമുകൾ ജനപ്രിയ നേടിയതോടെ 2014 സെപ്റ്റംബറിൽ ഗൂഗിൾ ഓർക്കൂട്ട് പൂട്ടിക്കളഞ്ഞു. എന്തിനാണ് ഓർക്കൂട്ട് തിരിച്ചുകൊണ്ടുവരാൻ ആഗ്രഹിക്കുന്നതെന്ന് ബ്യൂക്കോക്കൊൻ വ്യക്തമാക്കിയിട്ടുണ്ട്.
അർത്ഥവത്തായ ബന്ധങ്ങളേക്കാൾ പ്ലാറ്റ്ഫോമുകൾ യൂസർ എൻഗേജ്മെന്റിന് മുൻഗണന നൽകിയതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ സോഷ്യൽ മീഡിയ വളരെധികം മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുമായി ബന്ധപ്പെടുന്നത് ആവേശകരമായിരുന്ന ഇന്റർനെറ്റിന്റെ ആദ്യകാലങ്ങളെ ഓർക്കൂട്ട് ബ്യൂക്കോക്കൊൻ അനുസ്മരിച്ചു. മറ്റൊരു രാജ്യത്തുനിന്നുള്ള അപരിചിതനുമായുള്ള ചെറിയൊരു സംഭാഷണം പോലും പ്രത്യേകതയുള്ളതായി തോന്നിയതായും അദ്ദേഹം പറഞ്ഞു, കാരണം ആ ബന്ധം ആത്മാർത്ഥമായിരുന്നു. ആളുകളെ യഥാർത്ഥ ബന്ധങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നതിന് പകരം ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഫീഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഈ മാറ്റം യുവാക്കൾക്കിടയിൽ ഏകാന്തത വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓൺലൈൻ ഇടപെടലുകളിൽ നിർമ്മിത ബുദ്ധിയുടെ (എഐ) പങ്ക് വർദ്ധിച്ചുവരുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് സോഷ്യൽ നെറ്റ്വർക്കിങ്ങിനെ അർത്ഥവത്താക്കിയ മനുഷ്യബന്ധങ്ങളെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം ആരോപിക്കുന്നു. പുനരുജ്ജീവനത്തിന്റെ ഭാഗമായി ആത്മാർത്ഥതയുള്ള ആളുകളിലും അർത്ഥവത്തായ ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സോഷ്യൽ നെറ്റ്വർക്കിന് പിന്തുണ പ്രഖ്യാപിക്കാൻ ഔദ്യോഗിക വെബ്സൈറ്റിൽ പേരുകൾ ചേർക്കാൻ ബ്യൂക്കോക്കൊൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ോേ്േോ്

