അനശ്വര ഗാനങ്ങളുടെ ഓർമ്മകൾ ഉണർത്തി 'അലൈകൾ ഓയ്വതില്ലൈ'; എസ്.പി.ബി – എസ്. ജാനകി സംഗീതരാവ് ഹൃദ്യമായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ കേരളീയ സമാജം 'ശ്രാവണം 2026' ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എസ്.പി. ബാലസുബ്രഹ്മണ്യം – എസ്. ജാനകി ട്രിബ്യൂട്ട് മ്യൂസിക്കൽ നൈറ്റ് 'അലൈകൾ ഓയ്വതില്ലൈ' സംഗീതാസ്വാദകർക്ക് നവാനുഭവമായി. ഇന്ത്യൻ സിനിമാ സംഗീതത്തിലെ അനശ്വര പ്രതിഭകൾക്ക് പ്രണാമമർപ്പിച്ച് ഒരുക്കിയ സംഗീതസന്ധ്യ ബഹ്റൈനിലെ സംഗീതപ്രേമികളെ ഗൃഹാതുര സ്മരണകളിലേക്ക് നയിച്ചു.
മലയാളം, തമിഴ് ചലച്ചിത്ര സംഗീതത്തിലെ സുവർണ്ണകാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന പ്രണയവും വിരഹവും സൗഹൃദവും നിറഞ്ഞുനിന്ന നിരവധിയായ പ്രശസ്ത ഗാനങ്ങളാണ് വേദിയിൽ അരങ്ങേറിയത്. ബഹ്റൈനിൽ നിന്നുള്ള 51 ഗായകർ പങ്കെടുത്ത പ്രാഥമിക ഓഡിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 21 മികച്ച ഗായകരാണ് ഗാനങ്ങൾ അവതരിപ്പിച്ചത്.
രാജീവ് പി. മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ സമാജം ആക്ടിങ് പ്രസിഡന്റ് രവികുമാർ, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. മ്യൂസിക് ക്ലബ് കൺവീനർ മാത്യു ജേക്കബ് നന്ദി രേഖപ്പെടുത്തി. വിനോദ് അളിയത്തും കുമാരി നേഹ ഷെറിനും ചേർന്നാണ് പരിപാടിയുടെ അവതരണം നിർവ്വഹിച്ചത്.
മ്യൂസിക് ക്ലബ് കൺവീനർ മാത്യു ജേക്കബിന്റെ നേതൃത്വത്തിൽ ബേബി പോൾ, രാജീവ് കല്ലട, നിത ബീറ്റോ, പ്രസന്ന വേണുഗോപാൽ എന്നിവരായിരുന്നു ജോയിന്റ് കൺവീനർമാർ. സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ശ്രാവണം കൺവീനർമാരും പങ്കെടുത്ത പരിപാടി സംഘാടകരുടെയും ഗായകരുടെയും വാദ്യകലാകാരന്മാരുടെയും മികച്ച കൂട്ടായ്മയാൽ ഏറെ ശ്രദ്ധേയമായി.
aa

