സാമ്പത്തിക പ്രതിസന്ധി: അധ്യയനം തുടങ്ങുന്നതിന് മുൻപേ ഹിദ്ദിലെ സ്വകാര്യ സ്കൂൾ പൂട്ടി; തീരുമാനത്തെ പിന്തുണച്ച് എം.പി ഖാലിദ് ബുഅനാഖ്


പ്രദീപ് പുറവങ്കര

മനാമ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിദ്ദിലെ 'അമേരിക്കൻ ക്രിയേറ്റിവിറ്റി അക്കാദമി' (ACA Bahrain) പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപേ അടച്ചുപൂട്ടി. 2026-27 അധ്യയന വർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്കൂൾ പൂട്ടാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ച് എം.പി ഖാലിദ് ബുഅനാഖ് രംഗത്തെത്തി.

അധ്യയനം ആരംഭിച്ച ശേഷം സ്കൂൾ പൂട്ടുന്നത് 200-ഓളം വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും വലിയ ദുരിതത്തിലാക്കുമെന്നും, അതിനുമുമ്പ് തന്നെ തീരുമാനമെടുത്തത് ഉചിതമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളുകൾ അടച്ചുപൂട്ടുന്നതിന് മുൻപ് നിശ്ചിത നോട്ടീസ് കാലാവധി നിർബന്ധമാക്കണമെന്ന് ഒരു കൗൺസിലർ ഉന്നയിച്ച ആവശ്യത്തെ എം.പി തള്ളി. നിലവിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന നിയമം ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് പൂർണ്ണ അധികാരം നൽകുന്നുണ്ടെന്നും പുതിയ നിയമനിർമ്മാണത്തിന്റെ ആവശ്യകതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കൻ, ഇന്റർനാഷണൽ ബാക്കലറേറ്റ് (IB) പാഠ്യപദ്ധതികൾ വാഗ്ദാനം ചെയ്തിരുന്ന സ്കൂളിന്റെ നിക്ഷേപകർ തമ്മിലുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് ലൈസൻസ് റദ്ദാക്കാൻ അവർ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചത്. എന്നാൽ, രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ നിന്ന് ഈടാക്കിയ മുഴുവൻ ഫീസും തിരികെ നൽകണമെന്ന ഉപാധിയോടെയാണ് മന്ത്രാലയം ഇതിന് അനുമതി നൽകിയത്.

കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനായി മന്ത്രാലയം ഇടപെട്ട് രജിസ്റ്റർ ചെയ്ത 80 ശതമാനത്തോളം വിദ്യാർഥികൾക്കും മറ്റ് സ്വകാര്യ സ്കൂളുകളിൽ പ്രവേശനം ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂളിലെ ജീവനക്കാരുടെ ആനുകൂല്യങ്ങളും മറ്റും ബഹ്‌റൈൻ ലേബർ ലോ പ്രകാരമായിരിക്കും തീരുമാനിക്കുക.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യം മുൻനിർത്തി സമയോചിതമായി ഇടപെട്ട വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമയെ എം.പി ഖാലിദ് ബുഅനാഖ് നന്ദി അറിയിച്ചു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed