മധ്യപൂർവേഷ്യൻ സംഘർഷത്തിനിടയിലും ബഹ്‌റൈനിലെ ഇസ്ലാമിക് ബാങ്കുകൾ ഭദ്രം
ഷീബ വിജയൻ
മനാമ: മധ്യപൂർവേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും മേഖലാതല പ്രതിസന്ധികളും തരണം ചെയ്യാൻ ബഹ്‌റൈനിലെ ഇസ്ലാമിക് ബാങ്കുകൾക്ക് സാധിക്കുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ എസ് ആന്റ് പി (S&P) ഗ്ലോബൽ റേറ്റിംഗ്സ്. ശക്തമായ ഫണ്ടിംഗ്, ബാങ്കുകളുടെ സംയോജനം , ബഹ്‌റൈൻ സെൻട്രൽ ബാങ്കിന്റെ കൃത്യമായ ഇടപെടലുകൾ എന്നിവയാണ് ബാങ്കിംഗ് മേഖലയ്ക്ക് കരുത്ത് പകരുന്നത്.
മൊത്തവ്യാപാര ബാങ്കുകൾ ഉൾപ്പെടെ രാജ്യത്തെ മൊത്തം ബാങ്കിംഗ് മേഖലയുടെ 30 ശതമാനത്തോളം വിഹിതം നിലവിൽ ഇസ്ലാമിക് ബാങ്കുകൾക്കാണ്. കൂടാതെ, ഇസ്ലാമിക് റീട്ടെയിൽ ബാങ്കിംഗ് ആസ്തിയുടെ 70 ശതമാനവും ഇവരുടെ കൈവശമാണ്.
കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന ബാങ്കുകളുടെ സംയോജന പ്രക്രിയ ഇനിയും മുന്നോട്ടുപോകാനാണ് സാധ്യതയെന്ന് എസ് ആന്റ് പി വ്യക്തമാക്കി. ബാങ്കുകൾ വലുതാകുന്നതോടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും കൂടുതൽ കാര്യക്ഷമതയോടെ സാമ്പത്തിക ആഘാതങ്ങളെ ചെറുക്കാനും സാധിക്കും. മേഖലയിലെ സംഘർഷങ്ങൾ വ്യാപാരം, സാമ്പത്തിക വളർച്ച, വായ്പാ വിതരണം എന്നിവയെ ബാധിക്കുന്നുണ്ടെങ്കിലും സെൻട്രൽ ബാങ്ക് സ്വീകരിച്ച നടപടികൾ വായ്പാ പ്രതിസന്ധികൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, യുദ്ധത്തിന്റെ വ്യാപ്തിയും ദൈർഘ്യവും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തതിനാൽ നിലവിലെ നിരീക്ഷണങ്ങളിൽ അനിശ്ചിതത്വമുണ്ടെന്നും ഏജൻസി ചൂണ്ടിക്കാട്ടി. സംഘർഷം തുടർന്നാൽ ചരക്ക് വില, വിതരണ ശൃംഖല, സാമ്പത്തിക വളർച്ച, വായ്പാ വ്യവസ്ഥകൾ എന്നിവയെ ബാധിച്ചേക്കാം. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് തങ്ങളുടെ പ്രവചനങ്ങൾ പുനഃപരിശോധിക്കുമെന്നും എസ് ആന്റ് പി കൂട്ടിച്ചേർത്തു.
sadadsadsads

