മരുന്നുകൾക്ക് ക്ഷാമമില്ല; 90 ശതമാനം മരുന്നുകളും വിപണിയിൽ ലഭ്യമാണെന്ന് ബഹ്‌റൈൻ ഫാർമസിസ്റ്റുകൾ
ഷീബ വിജയൻ
മനാമ: ഉയർന്ന ഷിപ്പിംഗ് ചെലവുകളും ആഗോള വിതരണ ശൃംഖലയിലെ പ്രതിസന്ധികളും നിലനിൽക്കുമ്പോഴും ബഹ്‌റൈനിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്ന് ഫാർമസിസ്റ്റ് സംഘടനകൾ വ്യക്തമാക്കി. രാജ്യത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ഫാർമസികളിലും തടസ്സമില്ലാതെ മരുന്നുകൾ എത്തുന്നതിനാൽ ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ഇവർ അറിയിച്ചു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.
രാജ്യത്തുടനീളമുള്ള സ്റ്റേറ്റ് ഹെൽത്ത് സെന്ററുകളിലും സ്വകാര്യ ഫാർമസികളിലും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ബഹ്‌റൈൻ ഫാർമസിസ്റ്റ് സൊസൈറ്റി പ്രസിഡന്റ് ആദിൽ സർഹാൻ പറഞ്ഞു. എല്ലാ സമയത്തും 90 ശതമാനത്തോളം മരുന്നുകൾ ലഭ്യമാണ്. ഇൻസുലിൻ, രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ, ഹൃദ്രോഗ മരുന്നുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. പ്രധാന ഇനം ഇൻസുലിനുകൾ അടക്കം ബഹ്‌റൈനിലെ മരുന്ന് വില മറ്റു ജി.സി.സി രാജ്യങ്ങൾക്ക് സമാനമാണെന്നും, കൃത്യമായ ഇറക്കുമതി രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരുന്ന് വിതരണവും ഇറക്കുമതിയും സാധാരണ നിലയിൽ തന്നെ തുടരുന്നുണ്ടെന്നും വിതരണം എവിടെയും തടസ്സപ്പെട്ടിട്ടില്ലെന്നും നൂഹ് ഫാർമസിയിലെ ഫാർമസിസ്റ്റ് നാസർ അലി നാസർ സ്ഥിരീകരിച്ചു. ചരക്കുകൂലി വർദ്ധിച്ചത് ഇറക്കുമതിക്കാർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെച്ചിട്ടുണ്ടെങ്കിലും മരുന്നുകളുടെ ഒഴുക്കിനെ അത് ബാധിച്ചിട്ടില്ലെന്ന് അൽ റാസി ഫാർമസി ഉടമ അബ്ദുൽ അസീസ് അബ്ദുൽ ഹുസൈൻ വ്യക്തമാക്കി. വിപണി പൂർണ്ണമായും ശാന്തമാണെന്നും മരുന്നുകൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ എല്ലാ ഫാർമസികളും സജ്ജമാണെന്നും ഫാർമസിസ്റ്റ് മുഹമ്മദ് സഈദ് നൂഹും അഭിപ്രായപ്പെട്ടു.
ോേ്േ്േ്േ്േ

