സന്ദർശക ഡോക്ടർമാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബഹ്‌റൈൻ പാർലമെന്റിൽ നിർദ്ദേശം
ഷീബ വിജയൻ
മനാമ: സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സയ്ക്കെത്തുന്ന വിദേശ സന്ദർശക ഡോക്ടർമാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബഹ്‌റൈൻ പാർലമെന്റിൽ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചു. ശസ്ത്രക്രിയ അടക്കമുള്ള പ്രധാന ചികിത്സകൾക്ക് പ്രാദേശിക ലൈസൻസുള്ള വിദഗ്ദ്ധ ഡോക്ടറുടെ സാന്നിധ്യം നിർബന്ധമാക്കണമെന്നും, രോഗിയുടെ ആരോഗ്യാവസ്ഥ തൃപ്തികരമാകുന്നത് വരെ സന്ദർശക ഡോക്ടർമാർക്ക് രാജ്യം വിട്ടുപോകാൻ അനുമതി നൽകരുതെന്നും ആവശ്യപ്പെടുന്ന നിർദ്ദേശമാണ് പാർലമെന്റിന്റെ പരിഗണനയിലുള്ളത്. എം.പി മുഹമ്മദ് ജനാഹിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം അവതരിപ്പിച്ചത്. സ്വകാര്യ മേഖലയിൽ നടക്കുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കും മറ്റ് സുപ്രധാന ചികിത്സകൾക്കുമാണ് ഈ നിയമം ബാധകമാവുക.
പുതിയ പ്രമേയമനുസരിച്ച്, സന്ദർശക ഡോക്ടർമാർ ചികിത്സിക്കുന്ന അതേ മേഖലയിലെയോ അനുബന്ധ മേഖലയിലെയോ ബഹ്‌റൈൻ അധിഷ്ഠിത കൺസൾട്ടന്റിന് രോഗിയുടെ പൂർണ്ണ പരിചരണ ചുമതല നൽകണം. ചികിത്സ പൂർത്തിയാകുന്നത് വരെ രോഗിയുടെ അവസ്ഥ നിരീക്ഷിക്കാനും മെഡിക്കൽ ടീമിനൊപ്പം പ്രവർത്തിക്കാനും ഇവർ ഉത്തരവാദികളായിരിക്കും. കൂടാതെ, ശസ്ത്രക്രിയക്ക് ശേഷം ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങളോ സങ്കീർണ്ണതകളോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് വരെ സന്ദർശക ഡോക്ടർമാർ ബഹ്‌റൈനിൽ തന്നെ തുടരേണ്ടി വരും. രോഗിയുടെ നില പൂർണ്ണമായി തൃപ്തികരമാവുകയോ, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന മറ്റൊരു പ്രാദേശിക കൺസൾട്ടന്റിന് കേസ് പൂർണ്ണമായും കൈമാറുകയോ ചെയ്ത ശേഷം മാത്രമേ ഇവർക്ക് മടങ്ങാൻ സാധിക്കൂ. സന്ദർശക ഡോക്ടർമാരുടെ കീഴിൽ ചികിത്സയിലുള്ള രോഗികൾക്കായി സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും അതാത് മേഖലയിലെ പ്രാദേശിക കൺസൾട്ടന്ററുമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കേണ്ടതും നിർബന്ധമാണ്.
വിദേശ ഡോക്ടർമാർ മടങ്ങിയ ശേഷം രോഗികൾക്ക് കൃത്യമായ തുടർചികിത്സ ലഭിക്കാതെ വരുന്ന സാഹചര്യവും അടിയന്തര സന്ദർഭങ്ങളിലുണ്ടാകുന്ന കാലതാമസവും ഒഴിവാക്കാനാണ് ഈ നിയമമെന്ന് എം.പി മുഹമ്മദ് ജനാഹി വ്യക്തമാക്കി. വിദേശ ഡോക്ടർമാരുടെ സേവനം തടയുകയോ അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത് തടയുകയോ അല്ല, മറിച്ച് രോഗിയുടെ സുരക്ഷ ഉറപ്പാക്കുകയും ശസ്ത്രക്രിയയ്ക്ക് ശേഷവും ചികിത്സയുടെ പൂർണ്ണ ചുമതല ആർക്കാണെന്ന് വ്യക്തമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ ആരോഗ്യ മേഖല അതിവേഗം വളരുന്ന സാഹചര്യത്തിൽ, പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള ശസ്ത്രക്രിയാനന്തര ഘട്ടങ്ങളിൽ ഇത്തരം ശക്തമായ നിയമങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ോ്േ്േോ്േ്േ

