വി.ഡി. സതീശൻ തിങ്കളാഴ്ച കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ഇന്ന് തന്നെ ഗവർണറെ കാണും
ശാരിക l കേരളം
തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് നാലിന് ചേരുന്ന എംഎൽഎമാരുടെ യോഗത്തിൽ അദ്ദേഹത്തെ ഔദ്യോഗികമായി തിരഞ്ഞെടുത്ത ശേഷം ഇന്ന് തന്നെ ഗവർണറെ കാണും. യുഡിഎഫ് ഘടകകക്ഷി നേതാക്കളെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
പത്ത് ദിവസം നീണ്ട ആകാംക്ഷകൾക്കൊടുവിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുമെന്നും പൂർണ്ണമായ അർപ്പണബോധത്തോടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഈ അംഗീകാരം എഐസിസി നൽകിയതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡ് തീരുമാനത്തെ കെ. മുരളീധരൻ സ്വാഗതം ചെയ്തു. വൈകുംതോറും മധുരം കൂടുന്ന ഏറ്റവും നല്ല തീരുമാനമാണിതെന്നും ജനവികാരം മാനിച്ച് രാഹുൽ ഗാന്ധി ശരിയായ തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രമേശ് ചെന്നിത്തലയുടെ അതൃപ്തിയെക്കുറിച്ച് തനിക്കറിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
sdfsf

