സിവിൽ കേസുകളിൽ യാത്രാവിലക്ക് ഇനി മൂന്ന് വർഷം വരെ; നിയമഭേദഗതിയുമായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
ബഹ്‌റൈനിലെ സിവിൽ, വാണിജ്യ കടബാധ്യത കേസുകളിൽ ഏർപ്പെടുത്തുന്ന യാത്രാവിലക്കിന്റെ കാലാവധി ഒമ്പത് മാസത്തിൽ നിന്ന് മൂന്ന് വർഷം വരെയായി വർദ്ധിപ്പിക്കാൻ ശൂറ കൗൺസിൽ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഭേദഗതിക്ക് കൗൺസിലിലെ ലെജിസ്ലേറ്റീവ് ആന്റ് ലീഗൽ അഫയേഴ്സ് കമ്മിറ്റി ഇതിനോടകം അംഗീകാരം നൽകി കഴിഞ്ഞു. നാളെ ശൂറ കൗൺസിൽ ഈ വിഷയത്തിൽ വിശദമായ ചർച്ച നടത്തും.
കടം നൽകിയവർക്ക് തങ്ങളുടെ പണം തിരിച്ചുപിടിക്കാൻ കൂടുതൽ സമയം നൽകുന്നതിനും കോടതി വിധി നടപ്പിലാക്കുന്നതിന് മുൻപ് കടബാധ്യതയുള്ളവർ രാജ്യം വിടുന്നത് തടയുന്നതിനുമാണ് ഈ പുതിയ നടപടി. സ്വത്തുക്കൾ കണ്ടെത്തി കടം വീട്ടുന്നതിന് കോടതിക്കും പ്രൈവറ്റ് ഇംപ്ലിമെന്റേഷൻ ഓഫീസർമാർക്കും മതിയായ സമയം ഇതിലൂടെ ലഭിക്കുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
പുതിയ ഭേദഗതി പ്രകാരം വിദേശികളായ കടബാധ്യതയുള്ളവരുടെ കാര്യത്തിൽ യാത്രാവിലക്ക് പുറപ്പെടുവിച്ച കാരണങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം എത്ര തവണ വേണമെങ്കിലും വിലക്ക് പുതുക്കാൻ ഇംപ്ലിമെന്റേഷൻ ജഡ്ജിക്ക് അധികാരമുണ്ടാകും. കൂടാതെ കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള വിദേശികളുടെ വിസ റദ്ദാക്കാനോ രാജ്യം വിടാൻ ഉത്തരവിടാനോ ഉള്ള ഭരണകൂടത്തിന്റെ അധികാരം പുതിയ ഭേദഗതി വഴി നിയന്ത്രിക്കപ്പെടും.
നാടുകടത്തൽ ഉത്തരവാണോ യാത്രാവിലക്കാണോ മുൻഗണന നൽകേണ്ടതെന്ന് തീരുമാനിക്കാൻ മൂന്നംഗ ജഡ്ജിമാരുടെ പാനലിനെ നിയോഗിക്കാനും കരട് നിയമത്തിൽ നിർദ്ദേശമുണ്ട്. ഈ പാനലിന്റെ തീരുമാനങ്ങൾക്കെതിരെ ഏഴ് ദിവസത്തിനുള്ളിൽ ഹൈ സിവിൽ കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കും. കോടതി വിധികൾ നടപ്പിലാക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കാൻ ഈ നിയമപരിഷ്കാരം സഹായിക്കുമെന്നാണ് കരുതുന്നത്.
#BahrainNews #TravelBan #LegalUpdate #ShuraCouncil #DebtRecovery #4pmnews
dffg

