ഗൾഫ് എക്സൈസ് നികുതി പരിഷ്കരണം: കരട് നിയമം ബഹ്റൈൻ ശൂറ കൗൺസിലിന്റെ പരിഗണനയിലേക്ക്
പ്രദീപ് പുറവങ്കര
മനാമ: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന ഏകീകൃത എക്സൈസ് നികുതി വ്യവസ്ഥയിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് നിയമം ശൂറ കൗൺസിൽ അടുത്തതായി പരിഗണിക്കും. ഹാനികരമായ ഉൽപ്പന്നങ്ങൾക്കും ആഡംബര വസ്തുക്കൾക്കും അവയുടെ മൂല്യം (Value), യൂണിറ്റ് (Unit) എന്നിവയുടെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ ഇവ രണ്ടും സംയോജിപ്പിച്ചോ നികുതി ഈടാക്കാൻ രാജ്യങ്ങൾക്ക് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
ജിസിസി ഏകീകൃത എക്സൈസ് ടാക്സ് കരാറിലെ അനുബന്ധം (Annex) അംഗീകരിക്കുന്നതിനുള്ള കരട് നിയമത്തെ ശൂറ കൗൺസിലിലെ സാമ്പത്തിക കാര്യ കമ്മിറ്റി ഇതിനോടകം ശുപാർശ ചെയ്തിട്ടുണ്ട്. 2026-ലെ 22-ാം നമ്പർ ഡിക്രി പ്രകാരമുള്ള ഈ ബില്ലിന് നേരത്തെ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. 2017-ലെ 39-ാം നമ്പർ നിയമപ്രകാരമാണ് ബഹ്‌റൈൻ ജിസിസി എക്സൈസ് കരാറിൽ ഒപ്പുവെച്ചത്. 2025 ജൂണിൽ ഒപ്പുവെച്ച പുതിയ ഭേദഗതി പ്രകാരം നികുതി കണക്കാക്കുന്ന രീതിയിലാണ് മാറ്റം വരുത്തുന്നത്.
പുതിയ ഭേദഗതി പ്രകാരം ഓരോ അംഗരാജ്യത്തിനും നിശ്ചിത ഉൽപ്പന്നങ്ങളുടെ മൂല്യത്തിന്റെ ശതമാനം അടിസ്ഥാനമാക്കിയോ, ഓരോ യൂണിറ്റിനും നിശ്ചിത തുക എന്ന നിലയിലോ, അല്ലെങ്കിൽ ഇവ രണ്ടും ചേർത്തോ നികുതി നിശ്ചയിക്കാം. മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ വസ്തുക്കൾക്കും ജിസിസി മിനിസ്റ്റീരിയൽ കമ്മിറ്റി തയ്യാറാക്കിയ പട്ടികയിലെ ആഡംബര വസ്തുക്കൾക്കുമാണ് ഈ നികുതി ബാധകമാകുന്നത്. പട്ടികയിൽ മാറ്റം വരുത്താൻ കമ്മിറ്റിക്ക് അധികാരമുണ്ടാകും.
ഇറക്കുമതിക്കാരോ നിർമ്മാതാക്കളോ നൽകുന്ന വിലയോ അല്ലെങ്കിൽ ജിസിസി ടാക്സ് അതോറിറ്റികൾ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന വിലയോ അടിസ്ഥാനമാക്കിയാകും നികുതി നിശ്ചയിക്കുക. ഇതിൽ ഏതാണോ ഉയർന്ന തുക, അതിനായിരിക്കും മുൻഗണന. നികുതി അടയ്ക്കേണ്ട സമയപരിധി, നിബന്ധനകൾ, നിയമങ്ങൾ എന്നിവ ഓരോ രാജ്യത്തിനും സ്വന്തം നിലയിൽ തീരുമാനിക്കാൻ ഭേദഗതി അനുവാദം നൽകുന്നുണ്ട്. ഗ്യാസ്, എണ്ണ, ജലം, വൈദ്യുതി തുടങ്ങിയവയുടെ വിതരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു.
fsdfs

